ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്; നസീറിനും ഷഹനാസിനും എതിരേ പുതിയ കേസ്

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍, നസീറിനെ സഹായിച്ചതിന് പിടിയിലായ ഷഹനാസ് എന്നിവര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലിസ് പുതിയ കേസ് രജിസറ്റര്‍ ചെയ്തു. വിദേശത്തേക്ക് ഇ-മെയില്‍ അയച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.
സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഷഹനാസിന്റെ ഇ മെയിലില്‍ നിന്ന് വിദേശത്തെ ഒരു ഇ മെയില്‍ വിലാസത്തിലേക്ക് സന്ദേശം പോയതായി കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. അയച്ച സന്ദേശത്തിന് വിദേശ വിലാസത്തില്‍ നിന്ന് മറുപടിയും ലഭിച്ചിട്ടുണ്ട്. സന്ദേശം അയച്ചയാളെയാണ് മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. ഇ മെയില്‍ വിലാസക്കാരന്‍ ഏത് രാജ്യത്താണെന്ന് സ്ഥിരീകരിക്കാന്‍് കഴിഞ്ഞിട്ടില്ല. ഇതിന് വിശദമായ അന്വേഷണം വേണ്ടിവരുമെന്നും പോലിസ് പറഞ്ഞു.
പുതിയ കേസ് രജിസ്റ്റര്‍ ചെയത സാഹചര്യത്തില്‍ കേസ് എന്‍ഐഎക്കു കൈമാറാന്‍ തീരുമാനിച്ചതായാണ് വിവരം. ജയിലിലായ നസീര്‍ കേസില്‍ സാക്ഷികളെ സ്വാധീനീച്ചിരുന്നത് ഷഹനാസ് വഴിയാണെന്നാണ് പോലിസ് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് ഷഹനാസിനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തു നിന്നും പോലിസ് അറസ്റ്റു ചെയ്തത്. നസീര്‍ നല്‍കിയ കത്തുകള്‍ ഷഹനാസാണ് എത്തേണ്ടിടത്ത് എത്തിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു.
ഷഹനാസില്‍ നിന്നു കത്തുകള്‍, മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിദേശത്തേയ്ക്ക് ഇ-മെയില്‍ അയച്ചതിന്റെ വിവരം ലഭിച്ചതെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it