ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്: പോലിസ് പ്രതികളുടെ ബന്ധുക്കള്‍ക്കു പിന്നാലെ

കണ്ണൂര്‍: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ വിചാരണ നീട്ടി അട്ടിമറിക്കാന്‍ പോലിസ് ശ്രമം. ഇതിന്റെ ഭാഗമായി പ്രതികളുടെ ബന്ധുക്കളെ തേടി പോലിസിന്റെ നിരീക്ഷണവും ഭീഷണിയും.
വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്ന സഹോദരന്റെ മോചനത്തിനുവേണ്ടി നിയമപോരാട്ടത്തിനിറങ്ങിയ യുവാവിനെ ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മറ്റു പ്രതികളുടെ ബന്ധുക്കളും ഭീതിയിലാണ്. സ്ത്രീകളെയും മറ്റും നിരന്തരം വിളിച്ചു പല കാര്യങ്ങളും ചോദിക്കുന്നതായാണ് ആരോപണം. കേസില്‍ പ്രതിയായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശറഫുദ്ദീന്റെ സഹോദരന്‍ കണ്ണൂര്‍ സിറ്റിയിലെ തസ്‌ലീമിനെയാണ് കഴിഞ്ഞയാഴ്ച പോലിസ് കസ്റ്റഡിയിലെടുത്തത്.
മൂന്നു മക്കളുള്ള ശറഫുദ്ദീന്റെ കുടുംബത്തിന്റെ പ്രധാന ആശ്രയം തസ്‌ലീമാണ്. ഓട്ടോ ഡ്രൈവറായ ശറഫുദ്ദീന്‍ തടിയന്റവിട നസീറിനു വേണ്ടി എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്നാണു കേസ്. എന്നാല്‍, നിരപരാധിയായ ശറഫുദ്ദീനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നു കുടുംബം പറയുന്നു. കേസ് വിചാരണ അന്തിമഘട്ടത്തിലാണ്. മാത്രമല്ല, പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം ദുര്‍ബലമാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പേരില്‍ തസ്‌ലീമിനെ അറസ്റ്റ് ചെയ്തത്.
നഗരത്തില്‍ ടൂവീലര്‍ മെക്കാനിക്കായ തസ്‌ലീമിനെ ചില കാര്യങ്ങള്‍ ചോദിച്ചറിയാനെന്നു പറഞ്ഞ് ജോലിചെയ്യുന്ന കടയില്‍ നിന്നാണു കൂട്ടിക്കൊണ്ടുപോയത്. എന്‍ഐഎ നിര്‍ദേശപ്രകാരമാണ് ലോക്കല്‍ പോലിസെത്തിയതെന്നാണ് അറിയിച്ചത്. ഇക്കാര്യം അദ്ദേഹത്തിന്റെ പാര്‍ട്ണറെ പോലും അറിയിച്ചിരുന്നില്ല.
സ്‌റ്റേഷനിലെത്തിയപ്പോള്‍ പെട്ടെന്ന് വിട്ടയക്കുമെന്നു പറഞ്ഞെങ്കിലും പിറ്റേന്ന് എറണാകുളത്തേക്കു കൊണ്ടുപോയി. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്ത് പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പോലിസിന്റെ ദുരൂഹമായ നീക്കങ്ങളെക്കുറിച്ചു പരാതിയുമായി മറ്റൊരു പ്രതി ഷമീറിന്റെ വീട്ടുകാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി.
Next Story

RELATED STORIES

Share it