ബാംഗ്ലൂര്‍ സ്‌ഫോടനം: വിചാരണ നീട്ടുന്നത് മഅ്ദനി തന്നെ; മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നു കര്‍ണാടക

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ ആരോപണങ്ങളുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവുന്നത് മഅ്ദനി തന്നെയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ കേരളത്തില്‍ പോവാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കര്‍ണാടക സത്യവാങ്മൂലം സമര്‍പ്പിച്ചു.
തനിക്കെതിരായ ഒമ്പതു കേസുകള്‍ ഏകോപിപ്പിക്കണം, കേരളത്തില്‍ പോവാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അബ്ദുന്നാസിര്‍ മഅ്ദനി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായി ജസ്റ്റിസുമാരായ എസ് ബോഗ്‌ഡെ, അശോക്ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത്. വധശിക്ഷവരെ ലഭിക്കാന്‍ സാധ്യതയുള്ള ഗുരുതരമായ കുറ്റങ്ങളാണ് മഅ്ദനിയുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്നും ശിക്ഷ ലഘൂകരിക്കുന്നതിനാണ് കേസുകള്‍ ഒന്നിപ്പിക്കണമെന്നു പറയുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേസുകള്‍ നീളാന്‍ കാരണവും മഅ്ദനി തന്നെ. അദ്ദേഹം മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കാന്‍ എട്ടു മാസമെടുത്തു. കേസില്‍ 2,294 സാക്ഷികളുണ്ട്. ഇതില്‍ 1,504 പേരുടെ വിസ്താരം പൂര്‍ത്തിയായി. 790 പേരുടെ വിസ്താരമാണു പൂര്‍ത്തിയാവാനുള്ളത്. ഇതില്‍ ഇടപെടലുകളുണ്ടായാല്‍ കേസ് അനന്തമായി നീളും. മഅ്ദനി കേരളത്തില്‍ മതപരമായും രാഷ്ട്രീയമായും സ്വാധീനമുള്ള വ്യക്തിയാണ്. സാക്ഷികളില്‍ പലരും കേരളത്തിലുള്ളവര്‍ തന്നെ. അതിനാല്‍ അദ്ദേഹത്തെ കേരളത്തിലേക്കു പോവാന്‍ അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഒമ്പതു കേസുകള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ണാടക വിചാരണക്കോടതിയിലെ തനിക്കെതിരായ ഒമ്പത് കേസുകളില്‍ പൊതുവായ വിചാരണ നടത്തണമെന്നും നിലവിലെ ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരിയിലാണ് അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it