wayanad local

ബഹുസ്വരത സംരക്ഷിക്കണം: വെങ്കിടേഷ് രാമകൃഷ്ണന്‍

കല്‍പ്പറ്റ: സാംസ്‌കാരിക ബഹുത്വം ദേശവിരുദ്ധമാവുന്ന ഭീതിയുടെ കാലമാണിതെന്നു ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. വി ജി വിജയന്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയുടെ മാനങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിതമായ ശോഷണം ദീര്‍ഘകാലത്തെ ഉത്തരേന്ത്യന്‍ ജീവിതാനുഭവങ്ങളിലൂടെ വെങ്കിടേഷ് രാമകൃഷ്ണന്‍ വിവരിച്ചു. വിവേചനത്തിന്റെ അന്തരീക്ഷം പാരമ്യതയിലെത്തി നില്‍ക്കുന്ന കാലഘട്ടത്തില്‍ ബഹുസ്വരത തകരുന്നതിനെതിരേ ജാഗ്രത വേണം. ജനാധിപത്യത്തിലെ ബഹുസ്വരതയുടെ രൂപങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങള്‍ വ്യത്യസ്ത രൂപഭാവങ്ങളോടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന സംഭവങ്ങള്‍ ഇതു വെളിവാക്കുന്നു.
വിവേചനത്തിന്റെ കാലാവസ്ഥ പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകളിലൂടെയാണ് കടന്നുപോവുന്നത്. ഇന്ത്യയില്‍ മാത്രമുള്ള രൂഢമൂലമായ പ്രശ്‌നമാണ് ജാതിവ്യവസ്ഥ. ഇതു ദക്ഷിണാഫ്രിക്കയില്‍ നിലനിന്ന വര്‍ണവിവേചനത്തിനും അപ്പുറമാണ്. ഓരോരുത്തരും തങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് പ്രതികരിക്കുന്നത്. അതുകൊണ്ടാണ് അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞ ആദിവാസി യുവാവിനെ തല്ലിക്കൊല്ലുമ്പോള്‍ പലരും സെല്‍ഫിയെടുക്കുകയും നോക്കിനില്‍ക്കുകയും ചെയ്തത്.
സമകാലിക കേരളത്തില്‍ കാണുന്ന കാഴ്ചയാണിത്. ഡോക്യുമെന്റേഷന്‍ സംവിധാനങ്ങള്‍ കുറച്ചൊക്കെ ഗുണമുണ്ടാക്കുമെങ്കിലും ആത്യന്തികമായി വിവേചനത്തിനുള്ള ഉപകരണമായി മാറുകയാണ്. ബഹുസ്വരത തകര്‍ക്കുന്ന ഉപകരണമായി സ്മാര്‍ട്ട് ഫോണുകള്‍ മാറുന്നു. മാധ്യമങ്ങളുടെ പുതിയ രൂപങ്ങള്‍, സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ ബഹുസ്വരതയെ തല്ലിക്കൊല്ലാനുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. 2014ല്‍ ബിബിസി നടത്തിയ കണക്കെടുപ്പില്‍, ഫേസ്ബുക്ക് 10 കോടി ജനങ്ങളിലേക്ക് എത്തിയത് വെറും ഒമ്പതു മാസം കൊണ്ടാണെന്നു കണ്ടെത്തിയിരുന്നു. റേഡിയോ അഞ്ചുകോടി ജനങ്ങളേക്കെത്താന്‍ 38 വര്‍ഷവും ടെലിവിഷന്‍ ഇത്രതന്നെ ആളുകളിലേക്കെത്താന്‍ 13 വര്‍ഷവും എടുത്ത സ്ഥാനത്താണിത്. 2020ഓടെ ലോകമെമ്പാടുമുള്ള സ്മാര്‍ട്ട് ഫോണുകളിലൂടെ 200 ബില്യണ്‍ ആപ്ലിക്കേഷനുകള്‍ എല്ലാവരിലുമെത്തും.
ഈ ആപ്ലിക്കേഷനുകള്‍ രാപ്പകല്‍ ഭേദമന്യേ ഓരോരുത്തരിലുമുള്ള ബഹുസ്വരതയെ ഞെക്കിക്കൊന്നുകൊണ്ടിരിക്കും. ചിന്ത, ഭക്ഷണം, വസ്ത്രം എന്നിവയെല്ലാം ഭൂരിപക്ഷത്തിന്റെ തീരുമാന പ്രകാരമാവും. ഈ സാഹചര്യത്തിലാണ് വി ജി വിജയനെ പോലുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it