ബഹുഭാര്യത്വവും ഏകപക്ഷീയമായ വിവാഹമോചനവും നിരോധിക്കണം

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം, ഏകപക്ഷീയമായ വിവാഹമോചനം, മുത്തലാഖ് തുടങ്ങിയവ നിരോധിക്കണമെന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചു പഠിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ട്. ഇതിനായി മുസ്‌ലിം സ്ത്രീകളുടെ അനന്തരാവകാശം, വിവാഹമോചനം, കുടുംബം, വിവാഹം തുടങ്ങിയവ വ്യക്തമാക്കുന്ന 'സ്ത്രീയും നിയമവും' എന്ന റിപോര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
ഇതുവരെ പുറത്തുവിടാത്ത ഈ റിപോര്‍ട്ട് ആറാഴ്ചയ്ക്കകം ഹാജരാക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഏകപക്ഷീയമായ വിവാഹമോചന നിയമംമൂലം സ്ത്രീകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയാണുളളതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനായി 1939ലെ മുസ്‌ലിം വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തുക മാത്രമല്ല; വിവാഹമോചനത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക ജീവനാംശം ഉറപ്പ്‌വരുത്തുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നു.
1985ലെ ശാബാനു കേസ് വിധി മുസ്‌ലിംസ്ത്രീകള്‍ക്ക് ജീവനാംശം നല്‍കാന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അത് നിയമംമൂലം ഉറപ്പാക്കപ്പെട്ടിട്ടില്ല. മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് മുസ്‌ലിം വ്യക്തി നിയമത്തില്‍ നേരത്തേ സുപിംകോടതി ഇടപെട്ട കാര്യത്തെക്കുറിച്ച് എല്ലാ ജഡ്ജിമാരെയും ബോധവാന്‍മാരാക്കണം. സമാനമായ വിധി ഉത്തര്‍പ്രദേശ് ഷാമിന്‍ അറ കേസിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ജഡ്ജിമാര്‍ ബോധവാന്‍മാരല്ല.
നിയമം അവഗണിക്കുന്നതുമൂലം നിരവധി മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. അതുപോലെ തന്നെ ഹിന്ദു, ക്രിസ്ത്യന്‍ നിയമങ്ങളിലെയും വിവേചനപരമായ വകുപ്പുകള്‍ എടുത്തുകളയണമെന്നും റിപോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. യുപിഎ സര്‍ക്കാറിന്റെ കാലത്താണ് സമിതിയെ നിയോഗിച്ചത്. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച് നിലവില്‍ രണ്ടു കേസുകളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്. ഒന്ന് ശഹറാബാനു എന്ന യുവതി സമര്‍പ്പിച്ച ഹരജിയും മറ്റൊന്ന് മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ കോടതി സ്വമേധയാ എടുത്ത കേസും.
ഇതില്‍ ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറും ജസ്റ്റിസ് യു യു ലളിതും അടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി), ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് എന്നിവരും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it