ബഹുഭാര്യത്വം, വിവാഹമോചനം: സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി

ന്യൂഡല്‍ഹി: ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചു പഠിക്കാനായി നേരത്തെ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ട് ആറാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് യു യു ലളിതും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. മുസ്‌ലിംകളിലെ ബഹുഭാര്യത്വം, മുത്വലാഖ് തുടങ്ങിയ വിഷയങ്ങള്‍ ചോദ്യംചെയ്ത് ശഹറാബാനു എന്ന യുവതി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. നിലപാട് അറിയിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ ദേശീയ നിയമകമ്മീഷന്റെ പ്രതികരണവും കോടതി ആരാഞ്ഞു. സ്ത്രീകളുടെ അനന്തരാവകാശം, വിവാഹമോചനം, കുടുംബം, വിവാഹം തുടങ്ങിയവ വ്യക്തമാക്കുന്ന “സ്ത്രീയും നിയമവും’ എന്ന റിപോര്‍ട്ട് കഴിഞ്ഞവര്‍ഷമാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. ഇതുവരെ പുറത്തുവിടാത്ത ഈ റിപോര്‍ട്ട് ഹാജരാക്കാനാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചത്. മുത്വലാഖ്, ബഹുഭാര്യത്വം എന്നിവയ്ക്ക് അനുമതി നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമത്തിലെ  സെക്ഷന്‍ 2നുള്ള ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ശഹറാബാനുവിന്റെ ഹരജിയില്‍ ഈ മാസമാദ്യം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അവരുടെ വീട്ടുകാരും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും താന്‍ അബോധാവസ്ഥയിലാവുകയും മാരകമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നുവെന്നും അഭിഭാഷകനായ അമിത് ഛദ്ദ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ശഹറാബാനു ആരോപിച്ചിരുന്നു. ഈ അവസ്ഥയില്‍ മൂന്നു ത്വലാഖും ഒന്നിച്ചുചൊല്ലി ഭര്‍ത്താവ് തന്നെ വിവാഹമോചനം ചെയ്യുകയായിരുന്നു. അതിനാല്‍ ബ്രിട്ടിഷുകാരുടെ കാലത്തു കൊണ്ടുവന്ന മുസ്‌ലിം വിവാഹനിയമം റദ്ദാക്കണമെന്നും അത് ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബഹുഭാര്യത്വത്തിന് മുസ്‌ലിം വ്യക്തിനിയമം അനുകൂലമായതിനാല്‍ ഏകപക്ഷീയമായും ആദ്യഭാര്യയുടെ അനുമതിയില്ലാതെയും മുസ്‌ലിം പുരുഷന്‍മാര്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കുന്നുണ്ട്. വാക്കുതര്‍ക്കങ്ങളുടെ പേരിലോ പെട്ടെന്നുള്ള പ്രകോപനങ്ങളുടെ പേരിലോ വിവാഹമോചനങ്ങളും നടക്കാറുണ്ടെ ന്നും അവര്‍ ആരോപിച്ചു.മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച് നിലവില്‍ രണ്ട് കേസുകളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്. ഒന്ന് ശഹറാബാനുവിന്റെ ഹരജിയും മറ്റൊന്ന് മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ കോടതി സ്വമേധയാ എടുത്ത കേസും. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it