wayanad local

ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് മാനന്തവാടിയില്‍ പോസ്റ്ററുകള്‍

മാനന്തവാടി: നിലമ്പൂര്‍ കാട്ടില്‍ പോലിസ് വെടിയേറ്റു മരിച്ച കുപ്പു ദേവരാജ്, അജിത എന്നിവരെയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലത(മീര)യെയും അനുസമരിക്കാന്‍ ഇന്നു വൈകീട്ട് ഗാന്ധിപാര്‍ക്കില്‍ യോഗം ചേരും. അരുവിക്കല്‍ കൃഷ്ണന്‍, പി പി ഷാന്റോലാല്‍, എ വാസു, എം എന്‍ രാവുണ്ണി എന്നിവരുള്‍പ്പെടുന്ന സമിതിയാണ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്. അതിനിടെ, ഇന്നു നടക്കുന്ന അനുസ്മരണം ബഹിഷ്‌കരിക്കണമെന്നും നക്‌സല്‍ബാരി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന മാവോവാദികളെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് ഗാന്ധിപാര്‍ക്കിലും മൈസൂരു റോഡിലും നേരത്തെ പതിച്ച അനുസ്മരണ പോസ്റ്ററുകള്‍ക്ക് മുകളിലായി ബഹിഷ്‌കരണ പോസ്റ്റര്‍ കാണപ്പെട്ടത്. കുപ്പു ദേവരാജിനെയും അജിതയെയും ഒറ്റുകൊടുത്തതാണെന്നും മുമ്പ് സിനോജിനെ കൊലപ്പെടുത്തിയ പോലെ ലതയെയും കൊന്നതാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. തോക്ക് പൊട്ടിയും ആന ചവിട്ടിയും കൊല്ലപ്പെടുന്നതു നക്‌സല്‍ബാരി പ്രവര്‍ത്തകര്‍ മാത്രമാണെന്നും ഒറ്റുകാര്‍ നടത്തുന്ന അനുസമരണം ബൂര്‍ഷ്വാസികള്‍ക്ക് വേണ്ടിയാണെന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നു. നക്‌സല്‍ബാരി സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ എഴുതിയൊട്ടിച്ചത്. എന്നാല്‍, വിലാസമില്ലാത്ത സംഘടനയുടെ പേരിലുള്ള പോസ്റ്ററുകള്‍ അപലപനീയമാണെന്നും അനുസ്മരണ പോസ്റ്ററുകള്‍ക്കു മുകളില്‍ പതിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും സംഘാടകസമിതി ഭാരവാഹികളായ അരുവിക്കല്‍ കൃഷ്ണന്‍, പി പി ഷാന്റോലാല്‍ എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിപ്ലവ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ഭരണകൂടശക്തികളും പോലിസും ചേര്‍ന്നു നടത്തുന്ന നാടകാമണിതെന്നു ജനം തിരച്ചറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആന്ധ്രയിലെ വിപ്ലവരജയ്തലു സംഘം സെക്രട്ടറി പ്രഫ. വരലക്ഷ്മിയാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
Next Story

RELATED STORIES

Share it