World

ബഹിരാകാശ നിലയത്തിലെ വായു ചോര്‍ച്ച : കാരണം മാനുഷിക പിഴവ്‌

മോസ്‌കോ: 10 ലക്ഷം കോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച, രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായ വായു ചോര്‍ച്ച മനുഷ്യനിര്‍മിതമാണെന്ന വെളിപ്പെടുത്തലുമായി റഷ്യ. ഡ്രില്‍ ചെയ്യുമ്പോള്‍ സംഭവിച്ച പിഴവു കാരണമാണ് നിലയത്തിനു ദ്വാരമുണ്ടായത്. ഇത് മൂടിവയ്ക്കാന്‍ ശ്രമിച്ചതാണു സുരക്ഷാ പാളിച്ചയിലേക്കു നയിച്ചതെന്നു റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ദിമിത്രി റോഗോസിന്‍ പറഞ്ഞു. ഭൂമിയിലാണ് ഈ പിഴവു സംഭവിച്ചിരിക്കാന്‍ സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്ത് 29നാണു ബഹിരാകാശ നിലയത്തിലെ മര്‍ദത്തില്‍ വ്യത്യാസം കണ്ടത്. പരിശോധനയില്‍ ദ്വാരം കണ്ടെത്തുകയായിരുന്നു. രണ്ടു മില്ലിമീറ്റര്‍ മാത്രം വലുപ്പമാണു ദ്വാരത്തിനുള്ളതെങ്കിലും അതുണ്ടാക്കിയ നഷ്ടം വലുതായിരുന്നു. ബഹിരാകാശത്തു പറന്നു നടക്കുന്ന ചെറുവസ്തുക്കളാണ് ഇതിന് കാരണമായതെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീടു നടത്തിയ വിശദമായ അന്വേഷണത്തിലാണു പിഴവ് മനുഷ്യന്റേതാണെന്ന നിഗമനത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലുണ്ടായ വായു ചോര്‍ച്ചയെ അഭിമാന പ്രശ്‌നമായാണ് റഷ്യ കാണുന്നത്. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയും അമേരിക്കയും നേതൃത്വം നല്‍കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ചെറു ദ്വാരം എങ്ങനെ അടയ്ക്കാമെന്ന കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ആദ്യം പൊതുവായ അഭിപ്രായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേക പശയുപയോഗിച്ച് ദ്വാരം അടയ്ക്കാനായിരുന്നു റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ നിര്‍ദേശം. അതേസമയം ഈ പശയും ഭാവിയില്‍ വിട്ടുപോവുമോ എന്നതായിരുന്നു അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സംശയം. ഒടുവില്‍ റഷ്യന്‍ നിര്‍ദേശ പ്രകാരം പ്രത്യേക പശയുപയോഗിച്ച് ദ്വാരം അടച്ച് ഇന്‍സുലേഷനും അതിനു പുറമേ മറ്റൊരു ഒട്ടിക്കല്‍ കൂടി നടത്തിയാണു പ്രശ്‌നം പരിഹരിച്ചത്. നിലവില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ രണ്ടു റഷ്യക്കാരും നാസയുടെ മൂന്ന് സഞ്ചാരികളും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രതിനിധിയായി ഒരു ജര്‍മന്‍ സഞ്ചാരിയുമാണുള്ളത്.

Next Story

RELATED STORIES

Share it