ബസ് സ്‌റ്റേഷനില്‍ ആക്രമണം; ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജറുസലേം: ദക്ഷിണ ഇസ്രായേലിലെ ബീര്‍ശേബയിലെ സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ നടന്ന സായുധാക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. പോലിസുകാരും സൈനികരുമായ അഞ്ചു പേരുള്‍പ്പെടെ 11 പേര്‍ക്കു പരിക്കേറ്റു. ആക്രമണം നടത്തിയവരെന്നാരോപിച്ചു ഫലസ്തീന്‍, എരിത്രിയന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വധിച്ചു. എന്നാല്‍, എരിത്രിയക്കാരനായ ഹഫ്തൂം സര്‍ഹൂമി (29)നെ അബദ്ധത്തില്‍ വധിക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ അധികൃതര്‍ സമ്മതിച്ചു. ആക്രമണത്തില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു തെറ്റിദ്ധരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ പോലിസ് സമ്മതിച്ചു. ആക്രമണത്തിന്റെയും ഇസ്രായേല്‍ പോലിസും ബസ് സ്‌റ്റേഷനിലുണ്ടായിരുന്നവരും ചേര്‍ന്നു എറിത്രിയന്‍ യുവാവിനെ മര്‍ദ്ദിക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയത് ഒരാള്‍ മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കനത്ത സുരക്ഷയുള്ള ബസ് സ്‌റ്റേഷനില്‍ പ്രവേശിച്ച യുവാവ് റിവോള്‍വറെടുത്ത് സൈനികനെ വധിക്കുകയും സൈനികന്റെ തോക്കെടുത്ത് മറ്റുള്ളവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇയാളെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയെന്നും റിപോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. രണ്ടു ഫലസ്തീനികളാണ് ആക്രമണം നടത്തിയതെന്നും ഒരാള്‍ തോക്കും മറ്റേയാള്‍ കത്തിയും ഉപയോഗിച്ചുവെന്നും പ്രാഥമിക റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഒരാളാണ് ആക്രമണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.ഇസ്രായേല്‍ സേന ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവില്‍ ഇത്തരം ഒരാക്രമണം നടന്നത് ഇസ്രായേലിനെ നടുക്കിയിരിക്കുകയാണ്. ആക്രമണത്തെ സ്വാഭാവിക പ്രതികരണമെന്നു ഹമാസ് വ്യക്തമാക്കി.അതിനിടെ, ഖുദ്‌സിലെ 'ആര്‍മൊണ്‍ ഹനസ്റ്റീവ്' കുടിയേറ്റ കേന്ദ്രത്തെ സമീപത്തെ അറബ് സ്ട്രീറ്റുകളില്‍ നിന്നു വേര്‍തിരിക്കുന്നതിന് മൗണ്ട് കോപസ് പ്രദേശത്ത് ഇസ്രായേല്‍ പോലിസ് കോണ്‍ക്രീറ്റ് മതില്‍ സ്ഥാപിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ വലിയ കോണ്‍ക്രീറ്റ് കഷണങ്ങള്‍ എത്തിച്ചാണ് ഇസ്രാേയല്‍ മതില്‍ തീര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ അനദോലു ന്യൂസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it