kasaragod local

ബസ് സ്റ്റാന്റ് കെട്ടിടം പൊളിക്കുന്നു; വ്യാപാരികള്‍ സമരത്തിലേക്ക്

നീലേശ്വരം: ബസ് സ്റ്റാന്റ്  കെട്ടിടം പൊളിച്ചുമാറ്റുന്നതുമൂലം വഴിയാധാരമാകുന്ന വ്യാപാരികള്‍ സമരത്തിലേക്ക്. ദേശീയപാത വികസനത്തിലൂടെ 45ഓളം വ്യാപാരികളും രാജാറോഡ് വികസനത്തെ തുടര്‍ന്ന് 150 ഓളം വ്യാപാരികളും ബസ് സ്റ്റാന്റ് പുതുക്കി പണിയുമ്പോള്‍ 25ഓളം വ്യാപാരികളും ഒഴിയേണ്ടി വരും. ഇവരാണ് പുനരധിവാസം തേടി പ്രക്ഷോഭത്തിനിറങ്ങുന്നത്.
അതോടൊപ്പം ദേശീയപാത വികസനത്തിനായി ജില്ലയിലെ വ്യാപാരികളെ ഒഴിപ്പിക്കുമ്പോള്‍ അര്‍ഹമായ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണം എന്നാവശ്യപ്പെട്ട് ജില്ലാവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു. ദേശീയപാതയിലെ വ്യാപാരികള്‍ നടത്തിയ ആലോചനാ യോഗത്തില്‍ ജില്ലയില്‍ റോഡ് വികസനത്തിനായി കടകള്‍ ഒഴിപ്പിക്കപ്പെടുന്ന 15 കേന്ദ്രങ്ങളില്‍ 28ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ കടകളടച്ച്് ധര്‍ണ്ണാ സമരം നടത്തുവാന്‍ തീരുമാനിച്ചു.
മതിയായ പുനരധിവാസവും നഷ്ടപരിഹാരവും ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. അതേ സമയം നീലേശ്വരത്ത് ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു പണിയുന്നതിനാല്‍ ബസ് സ്റ്റാന്റിലെ വ്യാപാരികളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്നും ലൈസന്‍സ് പുതുക്കി കൊണ്ടുള്ള അപേക്ഷ നഗരസഭ സ്വീകരിക്കുന്നില്ല.
ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ വ്യാപാരികളും ആലോചിക്കുന്നുണ്ട്. സമാനമായി തന്നെയാണ് കുടിയൊഴിപ്പിക്കപ്പെടുന്ന രാജാറോഡിലെ വ്യാപാരികളും ആലോചിക്കുന്നത്. ഇത്രയധികം കച്ചവടക്കാര്‍ കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ തത്വത്തില്‍ നീലേശ്വരത്തെ വ്യാപാരരംഗം തന്നെ താറുമാറാകും. നീലേശ്വരത്ത് നടത്തുന്ന സമരം വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. യൂനിറ്റ് വൈസ്പ്രസിഡന്റ് കല്ലായി അഷറഫ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it