ernakulam local

ബസ് സര്‍വീസ് നിലച്ചു;പ്രദേശവാസികള്‍ ദുരിതത്തില്‍



കാക്കനാട്: കാക്കനാടിന്റെ ഹൃദയഭാഗമായ നിലംപതിഞ്ഞമുകള്‍ പ്രദേശത്തേക്കുള്ള ബസ് സര്‍വീസ് നിലച്ചതിനാല്‍ പ്രദേശവാസികള്‍ക്ക് യാത്ര ക്ലേശമായി. ആറ് സ്വകാര്യ ബസുകളാണ് നിലംപതിഞ്ഞമുകള്‍ പ്രദേശത്തേക്ക് സര്‍വീസ് നടത്തിയിരുന്നത്. അതില്‍ ഒന്നു പോലും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഫോര്‍ട്ടുകൊച്ചി, മുണ്ടംവേലി, ഇടകൊച്ചി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ബസ് സര്‍വീസ് ഉണ്ടായിരുന്നത്. നേരത്തെ ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. ഏതാനും ദിവസം സര്‍വീസ് തുടര്‍ന്നുവെങ്കിലും പിന്നീട് അത് ഇല്ലാതായി. ട്രാഫിക് കുരുക്ക് കാരണം ഓടിയെത്താന്‍ കഴിയുന്നില്ലെന്നും കളക്ഷന്‍ കുറവാണെന്നുമുള്ള വാദഗതിയാണ് ബസ്സുടമകള്‍ക്കുള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റൂട്ട് പെര്‍മിറ്റ് ലഭിക്കുവാന്‍ സിറ്റിക്ക് പുറത്തുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്നും ബസ് സര്‍വീസ് നടത്തുന്നതിനുള്ള അപേക്ഷകളുമായി ആര്‍ടിഎ മുമ്പാകെ നിരന്തരം സമ്മര്‍ദ്ദങ്ങള്‍ നടത്തും. പ്രദേശവാസികളില്‍ നിന്നും നിവേദങ്ങളും ഒപ്പു ശേഖരണവും റസിഡന്റ്‌സ് അസോസിയേഷനുകളുടെ പിന്‍ബലവും നേടും. റൂട്ട് പെര്‍മിറ്റ് ലഭിച്ച് സര്‍വീസ് തുടങ്ങി ഒന്ന് രണ്ട് മാസങ്ങള്‍ കഴിയുമ്പോള്‍ സര്‍വീസ് ഇടക്ക് വച്ച് നിര്‍ത്തുകയാണ് പതിവ്. നിലംപതിഞ്ഞ മുകളിലേക്ക് റൂട്ട് പെര്‍മിറ്റ് കൊടുത്തിട്ടുള്ള ആറു ബസ്സുകളും കാക്കനാട് വരെ എത്തി സര്‍വീസ് നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇതു മൂലം പല വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിലംപതിഞ്ഞമുകള്‍ പ്രദേശത്തെ നിരവധിപേരാണ് യാത്ര ദുരിതത്തിലാവുന്നത്. ഇന്‍ഫോപാര്‍ക്ക് വരെ എത്തുന്ന ബസ്സുകള്‍ നിലംപതിഞ്ഞമുകളില്‍ എത്തുന്ന നടപടിയെങ്കിലും സ്വീകരിച്ചാണെങ്കിലും ഈ പ്രദേശത്തെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രണ്ട് കോളനികളും ഫഌറ്റ് സമുച്ചയങ്ങളും ഉള്‍പ്പെടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന നിലംപതിഞ്ഞമുകളിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന് പൊതുപ്രവര്‍ത്തകയായ സില്‍വി സുനില്‍ നിവേദനം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it