ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്കുകള്‍ വര്‍ധിക്കും. നിരക്കു കൂട്ടാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം ശുപാര്‍ശ ചെയ്തു. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും. ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടിയേക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കുകളിലും ആനുപാതിക വര്‍ധനയുണ്ടാവും. നിലവില്‍ ഏഴു രൂപ എന്ന മിനിമം നിരക്ക് എട്ടു രൂപയാക്കാനാണ് തീരുമാനം. ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം നിരക്ക് 11 രൂപയാവും. വോള്‍വോ ബസ്സുകളില്‍ മിനിമം നിരക്ക് 45 രൂപയായി മാറും. നിലവില്‍ 40 രൂപയാണ് ഈടാക്കുന്നത്. സൂപ്പര്‍ ഡീലക്‌സ് സെമി സ്ലീപ്പര്‍ നിരക്കും ഉയരും. ഇപ്പോഴുള്ള 20 രൂപയില്‍ നിന്ന് രണ്ടു രൂപ വര്‍ധിച്ച് 22 ആവുമെന്നാണ് സൂചന. എക്‌സിക്യൂട്ടീവ് സൂപ്പര്‍ എക്‌സ്പ്രസ്സിലും യാത്രാനിരക്ക് കുത്തനെ ഉയരും. ഹൈ ലക്ഷ്വറി, എയര്‍കണ്ടീഷന്‍ ബസ്സുകളില്‍ 44 രൂപ മിനിമം നിരക്കായി നിശ്ചയിക്കാനാണ് തീരുമാനം. നിലവില്‍ ഇത് 40 രൂപയാണ്. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധത്തിന് വഴിവയ്ക്കുമെന്നാണ് സൂചന. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകള്‍ പലതവണ സമ്മര്‍ദം ചെലുത്തിയിട്ടും നടപ്പാക്കിയിരുന്നില്ല. അതേസമയം, ബസ് ചാര്‍ജ് കൂട്ടണമെന്ന തീരുമാനം ഇടതുമുന്നണി എടുത്തിട്ടില്ലെന്നായിരുന്നു യോഗത്തിനുശേഷം പുറത്തുവന്ന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. യാത്രാനിരക്കു സംബന്ധിച്ച നിലവിലുള്ള സാഹചര്യം പരിശോധിച്ച് ശരിയായ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ് മുന്നണി ചെയ്തത്. സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it