kannur local

ബസ് പണിമുടക്ക് തുടരുന്നു; ഇന്ന് വീണ്ടും ചര്‍ച്ച

കണ്ണൂര്‍: ബോണസ് തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കില്‍ ജനം വലഞ്ഞു. ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു. സ്വകാര്യ ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല. ഇതേത്തുടര്‍ന്ന് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു.
യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് സര്‍വീസില്ലാത്ത പ്രദേശങ്ങളിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. സാധാരണ ബസ് പണിമുടക്ക് ദിവസങ്ങളില്‍ ഉണ്ടാവാറുള്ള സമാന്തര വാഹന സര്‍വീസുകള്‍ ഇക്കുറി കുറവായിരുന്നു. നഗരത്തിലെത്താനായി സ്വകാര്യ വാഹനങ്ങളെയും ടാക്‌സി വാഹനങ്ങളെയുമാണ് ജനങ്ങള്‍ ആശ്രയിച്ചത്. മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും ജീവനക്കാര്‍ വൈകിയാണെത്തിയത്. സ്‌കൂള്‍ അവധിയായയതിനാല്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിയില്ല.
സ്വകാര്യ കോളജ്, സ്വകാര്യ ഐടിഐകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. ഇതര ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളുടെ സര്‍വീസ് സമരക്കാര്‍ തടഞ്ഞിരുന്നില്ല.
അതേസമയം, പണിമുടക്ക് സംബന്ധിച്ച് ഇന്നലെ കോഴിക്കോട് മേഖലാ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു.
ഇന്ന് രാവിലെ 11നു ജില്ലാ കലക്ടറുടെ ചേംബറില്‍ വീണ്ടും ചര്‍ച്ച നടക്കും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്ന കെ എം സുനില്‍, ജില്ലാ ലേബര്‍ ഓഫിസര്‍ സുനില്‍ തോമസ്, ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോ, ബസ്സുടമകളെ പ്രതിനിധീകരിച്ച് വി ജെ സെബാസ്റ്റ്യന്‍, കെ രാജ്കുമാര്‍, പി കെ പവിത്രന്‍, സി എം സജീവന്‍, കെ പി മോഹനന്‍, എം കെ പവിത്രന്‍, കെ ഗംഗാധരന്‍, എം പി വിജയന്‍, എം രാഘവന്‍, എം വി വല്‍സലന്‍, പി അജയകുമാര്‍, എം പ്രശാന്ത്, വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ പി സഹദേവന്‍, പി വി കൃഷ്ണന്‍, പി ചന്ദ്രന്‍, കെ ജയരാജന്‍, പി സൂര്യദാസ്, കെ പി രമേശന്‍, താവം ബാലകൃഷ്ണന്‍, എന്‍ പ്രസാദ്, മുസമ്മില്‍ കോറോത്ത്, അബ്ദുല്‍ മജീദ്, വി മണിരാജ്, സത്യന്‍ കൊമ്മേരി, പി കെ പവിത്രന്‍, എം സി സുബ്രഹ്മണ്യന്‍, സി കെ ശശികുമാര്‍, എം സി പവിത്രന്‍, കെ കെ ശ്രീജിത്ത് പങ്കെടുത്തു. പണിമുടക്കിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംയുക്ത സമര സമിതി കണ്ണൂരില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it