Idukki local

ബസ് ഡ്രൈവറെ ബിഎംഎസ്സുകാര്‍ ആക്രമിച്ചു



തൊടുപുഴ: സ്വകാര്യബസ് ഡ്രൈവറെ കമ്പിവടിക്ക് അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഒരുവിഭാഗം ബസ് ജീവനക്കാര്‍ തൊടുപുഴയില്‍ പണിമുടക്കിന് ആഹ്വാനംചെയ്തു. പാലാ- ചീനിക്കുഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തൂഫാന്‍ ബസിലെ ഡ്രൈവര്‍ ശ്രീകുമാറിനെ (40)യാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചീനിക്കുഴിയില്‍വച്ച് ആക്രമിച്ചത്. കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഎംഎസ് പ്രവര്‍ത്തകരാണ് അക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) നേതൃത്വത്തില്‍ തൊടുപുഴ മേഖലയില്‍ സ്വകാര്യബസ് ജീവനക്കാര്‍ പണിമുടക്കും. തൊടുപുഴ മുനിസിപ്പല്‍ ബസ്‌സ്റ്റാന്റ് കേന്ദ്രീകരിച്ച് ഒരു വര്‍ഷത്തോളമായി ബിഎംഎസ് നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കു നേരെ അക്രമം നടക്കുന്നുണ്ടെന്ന്  മാട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) ആരോപിച്ചു.ബസ് സമയക്രമത്തെ ചൊല്ലി തൊഴിലാളികള്‍ തമ്മി ല്‍ ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാറാണ് പതിവ്. എന്നാല്‍, ബിഎംഎസില്‍പ്പെട്ട ചിലര്‍ വിഷയം സങ്കീര്‍ണമാക്കി കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. ബസ് സ്റ്റാന്റില്‍ സംഘര്‍ഷം ഉടലെടുക്കുന്നത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ബസുകള്‍ സ്റ്റാന്റ് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുന്‍പ് തര്‍ക്കം നടന്നിരുന്നു. ഈ പ്രശ്‌നം രണ്ട് ബസ് ജീവനക്കാര്‍ തമ്മില്‍ പറഞ്ഞു തീര്‍ത്തതുമാണ്. എന്നാ ല്‍, മണിക്കൂറുകള്‍ക്കു ശേഷം സിഐടിയു യൂനിയനില്‍പ്പെട്ട തൊഴിലാളിയെ ബിഎംഎസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം തൊടുപുഴ സിഐയുടെ സാന്നിധ്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടന്നു. എന്നാല്‍, മണിക്കൂറുകള്‍ തികയും മുമ്പ് ചീനിക്കുഴിയിലേക്ക് സര്‍വീസ് പോയ ബസിലെ ഡ്രൈവര്‍ ശ്രീകുമാറിനെ ഊണ് കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഏഴോളം ബിഎംഎസ് അക്രമികള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സമാധാനന്തരീഷം പുനഃസ്ഥാപിക്കണമെന്നും മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) തൊടുപുഴ മേഖലാ കമ്മിറ്റി പ്രസിഡന്റ് ടി ആര്‍ സോമനും സെക്രട്ടറി എ എം ഷഹബും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it