ബസ് ചാര്‍ജ് വര്‍ധന മാര്‍ച്ച് ഒന്നു മുതല്‍

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെയും കെഎസ്ആര്‍ടിസിയുടെയും യാത്രാനിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിക്കും. ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ടു മുതല്‍ അഞ്ചു രൂപയുടെ വരെ വര്‍ധനയുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിരക്കു വര്‍ധിപ്പിക്കാന്‍ ധാരണയായിരുന്നു. ഈ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
പുതുക്കിയ നിരക്കുകള്‍ പ്രകാരം ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ്സുകളില്‍ കിലോമീറ്ററിന് 70 പൈസയായി വര്‍ധിക്കും. മിനിമം ചാര്‍ജ് എട്ടു രൂപയാവും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് 11 രൂപയായും സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 15 രൂപയായും ഉയരും. സൂപ്പര്‍ എക്‌സ്പ്രസ്- 22 രൂപ, സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍- 30 രൂപ, ഹൈടെക്, ലക്ഷ്വറി എസി- 44 രൂപ, വോള്‍വോ- 45 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. അതേസമയം, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ വര്‍ധനയില്ല. മിനിമം ചാര്‍ജിനു ശേഷമുള്ള നിരക്കില്‍ വര്‍ധനയുടെ 25 ശതമാനം വിദ്യാര്‍ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ വരെയുള്ള വര്‍ധന ഒഴിവാക്കും. വിദ്യാര്‍ഥികള്‍ക്ക് ഇളവു ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് 40 കിമീ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ധനയേ ഉണ്ടാവൂ.
ഇന്ധന വിലയിലും സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലുമുണ്ടായ വര്‍ധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍, സ്വകാര്യ ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അടിയന്തരമായി നിരക്കുവര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2014 മെയ് മാസമാണ് സംസ്ഥാനത്ത് ഒടുവില്‍ ബസ്ചാര്‍ജ് കൂട്ടിയത്. അതേസമയം, നിരക്കുവര്‍ധന അപര്യാപ്തമെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു കൊച്ചിയില്‍ ബസ്സുടമകള്‍ യോഗം ചേരും.




Next Story

RELATED STORIES

Share it