thrissur local

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിറം മാറ്റിയ സംഭവം : ലീഗ്-സിപിഎം സംഘര്‍ഷ സാധ്യത : പ്രശ്‌നപരിഹാരവുമായി പോലിസ്



ചാവക്കാട്: സംഘര്‍ഷങ്ങള്‍ക്ക് കളമൊരുക്കാനുള്ള മുസ്്‌ലീം ലീഗ്-സിപിഎം ശ്രമങ്ങള്‍ക്ക് പോലിസിന്റെ കൂച്ചുവിലങ്ങ്. രാത്രിയുടെ മറവില്‍ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ നിറം മാറ്റിയും കൊടി തോരണങ്ങള്‍ നശിപ്പിച്ചും ഇരുവിഭാഗവും ഏറ്റുമുട്ടലിന് ഒരുങ്ങിയതോടെ ചാവക്കാട് പോലിസ് ഇരുവിഭാഗം നേതാക്കളേയും വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കി. റോഡിലും വൈദ്യുതി പോസ്റ്റുകളിലും വിവിധ പാര്‍ട്ടികളുടെ നിറം കൊടുത്താല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസെടുക്കുമെന്ന പോലിസ് മുന്നറിയിപ്പ് യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം അംഗീകരിച്ചു. കൂടാതെ വിവിധ പരിപാടികളുടെ പ്രചരാണാര്‍ഥം കൊടിതോരണങ്ങള്‍ കെട്ടുന്നതുള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ രാത്രി 11നുശേഷം നടത്തുന്നതിന് പോലിസ് വിലക്കേര്‍പ്പെടുത്തി. മേഖലയില്‍ നടക്കുന്ന പരിപാടികളുടെ പ്രചരണ ബോര്‍ഡുകളും മറ്റു ഒരുക്കങ്ങളും രണ്ടാഴ്ച മുമ്പ് മാത്രം നടത്തുക, പരിപാടി അവസാനിച്ച് 48 മണിക്കൂറിനകം ഇവ അഴിച്ചുമാറ്റുക, രാത്രികാല പോലിസ് പട്രോളിങ് ശക്തമാക്കുക തുടങ്ങി തീരുമാനങ്ങളും യോഗം കൈകൊണ്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘര്‍ഷത്തിന് കളമൊരുക്കുന്ന പ്രവര്‍ത്തികള്‍ അരങ്ങേറിയത്. അഞ്ചങ്ങാടിയില്‍ ഡിവൈഎഫ്‌ഐ നിര്‍മ്മിച്ചിരുന്ന ബസ് കാത്തിരുപ്പ് കേന്ദ്രം പച്ച പെയിന്റടിച്ച നിലയിലും കോളനിപ്പടിയില്‍ മുസ്്‌ലിം ലീഗ് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം ചുവപ്പ് പെയിന്റടിച്ച നിലയിലുമായിരുന്നു. ഇരുപാര്‍ട്ടികളുടേയും കൊടി തോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. തൊട്ടാപ്പ് ലൈറ്റ്ഹൗസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായിരുന്നു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് പരസ്പരം പെയിന്റടിക്കലടക്കമുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ചാവക്കാട് സിഐ കെ ജി സുരേഷ്, എസ്‌ഐ എം കെ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ പോലിസ് കൈകൊണ്ട മുഴുവന്‍ തീരുമാനങ്ങളും നേതാക്കള്‍ അംഗീകരിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ വി അഷറഫ്, ലീഗ് നേതാക്കളായ പികെ ബഷീര്‍, വി എം മനാഫ്, ഉമ്മര്‍ കുഞ്ഞി, ആര്‍ കെ ഇസ്മായില്‍, പി കെ അബൂബക്കര്‍ സിപിഎം നേതാക്കളായ ബീരു, ഇക്ബാല്‍, ഷൈലോക്ക്, ഹസീബ് യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it