palakkad local

ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം

ആലത്തൂര്‍: തരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തോണിപ്പാടം തോടുകാട് ചാലും പുള്ളിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്ന സ്ഥലത്തെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തിലെത്തി. വാര്‍ഡ് മെംബറും ഭാര്യയും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. തരൂര്‍ പഞ്ചായത്ത് മെംബര്‍
എ എ കബീര്‍ (61), ഭാര്യ സൈനബ (60), മോഹനന്‍ (44), ഷീബ (42), ആത്തിക്ക (32), ഇസ്മയില്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 3.30നാണ് സംഭവം. തരൂര്‍ ഗ്രാമപഞ്ചായത്തില്‍ പത്ത് സ്ഥലത്ത് പുതുതായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നുണ്ട്. അതിലൊന്നാണ് ചാലുംപുള്ളിയിലെ കേന്ദ്രം. ഈ ഭാഗത്ത് മലമ്പുഴ മെയിന്‍ കനാലിന്റെ സ്ഥലം ലഭ്യമാക്കിയാണ് കേന്ദ്രം പണിയുന്നത്. ഇതിനെതിരെ സമീപ വീട്ടുകാരനായ സുകേഷ്  എന്നയാള്‍ എന്റെ വീട്ടുവളപ്പിന്റെ മുമ്പില്‍ കേന്ദ്രം നിര്‍മിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് നിര്‍മാണം തടസ്സപ്പെടുത്തി. ഇത് ചോദ്യം ചെയ്താണ് സമീപവാസികളെത്തിയത്. അതില്‍ വാര്‍ഡ് മെംബറും ഭാര്യയും ഉണ്ടായിരുന്നു. എന്നാല്‍ ഇവരോടെല്ലാം തട്ടിക്കയറി സുകേഷും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. ആലത്തൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ പോലിസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ച ശേഷം കേന്ദ്രത്തിന്റെ നിര്‍മ്മാണം തുടങ്ങി.
Next Story

RELATED STORIES

Share it