kannur local

ബസ്സുകള്‍ മല്‍സരയോട്ടത്തില്‍; സമയക്രമീകരണം നടപ്പായില്ല

കണ്ണൂര്‍: സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം കാരണം യാത്രക്കാര്‍ ഭീതിയില്‍. ഗതാഗതക്കുരുക്കോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാതിരുന്നിട്ടും സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ നടത്തുന്നതാണ് യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നത്. അവധിദിവസങ്ങളില്‍ പോലും മല്‍സരിച്ചോടുന്നത് പതിവായിട്ടും അധികൃതര്‍ കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മല്‍സരയോട്ടം ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനും അപകടങ്ങള്‍ക്കും കാരണമാകുമ്പോഴും നടപടികളെടുക്കാത്തതാണ് മല്‍സരയോട്ടം നിര്‍ബാധം തുടരാന്‍ കാരണം. മല്‍സരയോട്ടം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുകളുടെയും സമയം പുനക്രമീകരിക്കാന്‍ ഋഷിരാജ് സിങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായപ്പോള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിര്‍ദേശങ്ങളൊന്നും നടപ്പായിട്ടില്ല. എല്ലാ ജില്ലകളിലും ഇതിനാവശ്യമായ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും ഫലപ്രദമായില്ല.
പ്രധാനമായും ബസ്സുകളുടെ അമിത വേഗത കര്‍ശനമായി നിയന്ത്രിക്കാനായിരുന്നു തീരുമാനം. അമിതവേഗം കണ്ടെത്തിയാല്‍ ബസ്സുകള്‍ക്ക് ആദ്യം പിഴ ചുമത്തും. വീണ്ടും നിയമ ലംഘനം പിടികൂടിയാല്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാനുമായിരുന്നു തീരുമാനം. സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.
ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് അക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും നടപടിയുണ്ടായില്ലെങ്കില്‍ തനിക്ക് നേരിട്ട് വിവരം കൈമാറാമെന്നും അറിയിച്ചിരുന്നു.
ഇത്തരം നിര്‍ദേശങ്ങളൊന്നും താഴേത്തട്ടില്‍ നടപ്പാവാത്തതാണ് മല്‍സരയോട്ടം വര്‍ധിക്കാന്‍ കാരണം. ഹ്രസ്വദൂരമെന്നോ ദീര്‍ഘദൂരമെന്നോ വ്യത്യാസമില്ലാതെയാണ് ബസ്സുകള്‍ അമിത വേഗതയിലോടുന്നത്. പാപ്പിനിശ്ശേരി, മയ്യില്‍, കണ്ണാടിപ്പറമ്പ്, വളപട്ടണം ഭാഗങ്ങളില്‍ നിന്നു വരുന്ന ബസ്സുകളിലെ അമിതവേഗത പലപ്പോഴും യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിനു കാരണമാക്കാറുണ്ട്.
ഇത്തരത്തില്‍ അമിതവേഗതയിലെത്തുന്ന ബസ്സുകള്‍ തന്നെ പള്ളിക്കുന്ന്, ശ്രീപുരം സ്റ്റോപ്പുകളില്‍ ഏറെനേരം നിര്‍ത്തിയിടുകയും ചെയ്യാറുണ്ട്. റണ്ണിങ് ടൈം പാലിക്കാനാണ് വേഗതയില്‍ പോവുന്നതെന്നു പറയുമ്പോള്‍ തന്നെ അല്‍പ്പദൂരം പിന്നിടുമ്പോള്‍ തന്നെ സമയം പാലിക്കാനായി നിര്‍ത്തിയിടുന്നത് യാത്രക്കാരെയും ചൊടിപ്പിക്കാറുണ്ട്.
Next Story

RELATED STORIES

Share it