malappuram local

ബസ്സുകള്‍ മഞ്ചേരിയിലേക്ക് മാറ്റണമെന്ന ആവശ്യമുയരുന്നു

മഞ്ചേരി: കെ.എസ്.ആര്‍.ടി.സി. മലപ്പുറം സബ് ഡിപ്പോ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് നിന്നു ഓപറേറ്റ് ചെയ്യുന്ന ബസ്സുകള്‍ മഞ്ചേരിയിലേക്ക് മാറ്റണമെന്ന് ആവശ്യമുയരുന്നു. മഞ്ചേരിയിലെ രാത്രി യാത്രാപ്രശ്‌നം പരിഹരിക്കാന്‍ ഈ നടപടി ഏറെ ഉപകാരപ്രദമാവുമെന്നാണ് അഭിപ്രായം. മലപ്പുറം സബ് ഡിപ്പോ നവീകരണവും ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണവും തുടങ്ങുന്നതിന്റെ മുന്നോടിയായി മണ്ണെടുപ്പിന് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നതെങ്കിലും ഇത് നടക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്.രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു പറഞ്ഞിരുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഒന്‍പതു വര്‍ഷം കൊണ്ടാണ് യാഥാര്‍ഥ്യമായത്. ഇത്രയും കാലം ബസ്സുകളുടെ ഓപറേറ്റിങ് സെന്റര്‍ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടതായിവരും.

അടുത്തുള്ള മറ്റ് ഡിപ്പോകളായ പെരിന്തല്‍മണ്ണയിലേക്കോ നിലമ്പൂരിലേക്കോ മാറ്റുന്നതിനു പകരം മഞ്ചേരി ഐ.ജി.ബി.ടിയിലുള്ള കെ.എസ്.ആര്‍.ടി.സി. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിനോടനുബന്ധിച്ചാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സിക്കും അത് ഉപകാരപ്പെടുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. നിലവില്‍ ഐ.ജി.ബി.ടിയില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. ബസ്സുകളൊന്നും ഓപറേറ്റ് ചെയ്യുന്നില്ല. മഞ്ചേരിയില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തുടങ്ങുന്നത് രാത്രി യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനും സഹായകമാവും. സ്വകാര്യ ബസ്സുകള്‍ ഐ.ജി.ബി.ടിയിലെത്തിക്കുന്നതിനു വേണ്ടി നഗരസഭ നിരവധി പ്രാവശ്യം ഗതാഗത പരിഷ്‌കരണങ്ങള്‍ നടത്തി പരാജയപ്പെട്ട സാഹചര്യത്തില്‍ മലപ്പുറത്ത് നിന്നു കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഇങ്ങോട്ടു മാറ്റുന്നത് പ്രശ്‌നപരിഹാരത്തിന് സഹായകമാവുമെന്നും ചില കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it