palakkad local

ബസ്സുകള്‍ നിര്‍ത്തുന്നത് തോന്നിയപോലെ : നഗരത്തിലെ കാത്തിരിപ്പു കേന്ദ്രങ്ങള്‍ നോക്കുകുത്തി



പാലക്കാട്: നഗരത്തിലെ ബസ് സ്റ്റോപ്പുകളില്‍ ബസ്സുകള്‍ക്ക് തോന്നിയിടത്തു നിര്‍ത്തുന്നത് കാരണം ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രങ്ങള്‍ നോക്കുകുത്തികളാവുന്നു. കോട്ടമൈതാനത്ത് ജില്ലാ ആശുപത്രി സ്റ്റോപ്പിലും ചിറ്റൂര്‍ റോഡിലേക്ക് തിരിയുന്നിടത്തും ഹൈടെക് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇവ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്നില്ല. കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ബസ് നിര്‍ത്താത്തതാണ് യാത്രക്കാര്‍ ഇവയെ കൈയ്യൊഴിയാന്‍ കാരണമാവുന്നത്. സിവില്‍ സ്റ്റേഷനു മുന്നിലെ കാത്തിരിപ്പു കേന്ദ്രം സമീപത്തെ ചായക്കടയില്‍ നിന്നും ചായവാങ്ങുന്നവര്‍ക്ക് ഇരുന്നു കുടിക്കാനുള്ള സ്ഥലമായിരിക്കുകയാണ്. ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെതിരെ പോലിസുകാര്‍ നടപടികള്‍ എടുക്കാത്തതാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പാഴ്‌ചെലവാകാന്‍ കാരണം. സ്റ്റേഡിയം ബൈപ്പാസില്‍ നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രം നോക്കുകുത്തിയായതോടെ അടുത്ത കാലത്താണ് ട്രാഫിക് പോലിസ് ബസുകള്‍ക്ക് ഇവിടെ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഹെഡ് പോസ്റ്റാഫിസ്, താരേക്കാട്, മേഴ്‌സി കോളജ് എന്നിവിടങ്ങളില്‍ കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിരവധി പേര്‍ ബസ് കയറാന്‍ ആശ്രയിക്കുന്ന ഇവിടങ്ങളില്‍ രാപകലന്യേ വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാര്‍ക്ക്. മുനിസിപ്പല്‍ സ്റ്റാന്റിനു മുന്നിലാകട്ടെ നേരത്തെ മലമ്പുഴ - റൈല്‍വേ കോളനി ബസുകള്‍ നിര്‍ത്തിയിരുന്ന രണ്ടു വലിയ കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഉപയോഗശൂന്യമാണ്.
Next Story

RELATED STORIES

Share it