kannur local

ബസ്സുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത് ദുരിതമാവുന്നു

ചെറുപുഴ: ചെറുപുഴ ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നത് യാത്രക്കാര്‍ക്കു ദുരിതമാവുന്നു. സ്റ്റാന്റിലെത്തുന്ന ചില ബസുകളിലെ ജീവനക്കാരാണ് ട്രാക്കില്‍ കയറ്റാതെ തങ്ങള്‍ക്കു തോന്നുംപോലെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
ഇതുമൂലം ബസ് കാത്ത് കടകളുടെ തിണ്ണയിലും മറ്റും നില്‍ക്കുന്ന യാത്രക്കാര്‍ ബസ്സിനു പിന്നാലെ ഓടേണ്ട ഗതികേടിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ നിര്‍ത്തിയ ബസില്‍ നിന്നിറങ്ങിയ വീട്ടമ്മ അതേ ബസ് കയറി മരിച്ചിരുന്നു. സ്റ്റാന്റില്‍ പോലിസിന്റെ സാന്നിധ്യം ഇല്ലാത്തതാണ് ഇത്തരത്തില്‍ നിര്‍ത്തിയിടാന്‍ കാരണമെന്നു യാത്രക്കാര്‍ പറയുന്നു. പ്രായമായവരും കുട്ടികളുമായെത്തുന്ന സ്ത്രീകളുമാണ് ബസ്സുകള്‍ ട്രാക്കില്‍ നിര്‍ത്തിയിടാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്. നേരത്തേ ബസ് സ്റ്റാന്റില്‍ ഹോംഗാര്‍ഡുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ ചെറുപുഴയില്‍ പോലിസ് സ്‌റ്റേഷന്‍ അനുവദിച്ചതോടെ ഹോംഗാര്‍ഡുകളുടെ സേവനം അവസാനിപ്പിച്ചു. സ്റ്റാന്റില്‍ ബസുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത് അപകടത്തിനും കാരണമാവുന്നുണ്ട്.
ഇതിനുപുറമെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ചില ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്നതും പതിവാണ്. ദിവസവും നൂറിലേറെ ബസുകള്‍ കയറിയിറങ്ങുന്ന ചെറുപുഴ ബസ് സ്റ്റാന്റില്‍ പോലിസിനെ നിയമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it