Kottayam Local

ബസ്സുകളിലും തിരക്കേറിയ സ്ഥലങ്ങളിലും മോഷണം പതിവാകുന്നു



കാഞ്ഞിരപ്പള്ളി: ബസ്സുകളിലും തിരക്കേറിയ സ്ഥലങ്ങളിലും മോഷണം നടക്കുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേരുടെ മാല മോഷ്ടിച്ചതായി പോലിസില്‍ പരാതി ലഭിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിലോടുന്ന ബസ്സില്‍ നിന്ന് യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു.കാഞ്ഞിരപ്പള്ളി-ഇടക്കുന്നം റൂട്ടിലോടുന്ന ബസ്സില്‍ നിന്ന് യുവതിയുടെ സ്വര്‍ണവും പണവും അടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടിരുന്നു. തിരക്കേറിയ ബസ്സില്‍ മാല വലിച്ചു പൊട്ടിച്ച് കടന്നുകളയുന്ന മോഷണ സംഘം കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണ മോഷണം നടത്തിയതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാലയില്‍ നിന്ന് ലോക്കറ്റ് വേര്‍പ്പെട്ട് കിടക്കുന്നതു കണ്ടപ്പേഴാണ് മോഷണ ശ്രമം തിരിച്ചറിഞ്ഞത്. മുന്‍കാലങ്ങളില്‍ കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വ്യാപക മോഷണം നടന്നിരിന്നു. നാടോടി സ്ത്രീകള്‍ മോഷണം നടത്തിയതിന് അറസ്റ്റിലായിട്ടുമുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, തമ്പലക്കാട് എരുമേലി, ഈരാറ്റുപേട്ട റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ നിന്ന് മാലയും പണവും മോഷ്ടിച്ചതായാണ് യാത്രക്കാരുടെ പരാതി. ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പോലിസ് പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം കഴിഞ്ഞ ദിവസം കുളപ്പുറത്ത് വിവാഹ ദിനത്തില്‍ വീട്ടില്‍ കയറി അഞ്ചു പവന്റെ മാല മോഷ്ടിച്ചതായി പരാതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോയി വരുന്ന വഴിയില്‍ രണ്ട് പവന്റെ മാല നഷ്ടപ്പെട്ടതായി പാറത്തോട് പുതുവല്‍ വീട്ടില്‍ ഖദീജ കാഞ്ഞിരപ്പള്ളി പോലിസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it