ernakulam local

ബസ്സില്‍ നിന്നും കണ്ടെടുത്ത കഞ്ചാവ് പോലിസ് മുക്കിയെന്ന് ആക്ഷേപം

പറവൂര്‍: കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മരണത്തിനിടയാക്കിയ ബസ്സില്‍ നിന്നും നാട്ടുകാര്‍ കണ്ടെടുത്ത കഞ്ചാവ് പൊതി പോലിസ് മുക്കിയെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ദേശീയപാത പതിനേഴില്‍ ചെറിയപിള്ളിക്കു സമീപം ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കൃഷ്ണ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ചെറിയകടവ്, തുണ്ടത്തിപറമ്പ് വീട്ടില്‍ പരേതനായ ലക്ഷ്മണന്റെ ഭാര്യ രുഗ്മിണി (67) ആണ് മരിച്ചത്. ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ച ബസ് ബൈക്കിന്റെ ഹാന്റിലില്‍ തട്ടുകയും പിന്‍സീറ്റിലിരുന്ന രുഗ്മിണി ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.അപകടത്തിനു ശേഷം മുന്നോട്ടു പാഞ്ഞ ബസ് നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉടനെ പറവൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലിസും ഹൈവേ പോലിസും സ്ഥലത്തെത്തി. ബസ് ജീവനക്കാര്‍ ഇതിനകം ഓടി രക്ഷപ്പെട്ടിരുന്നു. ആംബുലന്‍സ് വിളിച്ചു വരുത്തി അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിനെക്കാള്‍ ബസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനായിരുന്നു പോലിസിന് തിടുക്കം. ജീവനക്കാരെ തിരക്കിയ നാട്ടുകാര്‍ ബസ്സില്‍ പരിശോധന നടത്തിയപ്പോഴാണ് ഡ്രൈവറുടെ സീറ്റിനടുത്തു നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതി കണ്ടെത്തിയത്. ഇത് പരിശോധിക്കുന്നതിനിടെ പോലിസ് പിടിച്ചെടുത്തെങ്കിലും നാട്ടുകാര്‍ ശക്തമായി എതിര്‍ത്തു. പിന്നീട് മാധ്യമ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ തന്നെ പൊതി പോലിസ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് ഉള്‍പ്പെടെ ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തകയും ചെയ്തു. ബസ് ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഈ റൂട്ടിലോടുന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ സ്ഥിരമായി അപകടമുണ്ടാക്കാറുണ്ടെങ്കിലും പോലിസിന്റെ മൃദുസമീപനം ജീവനക്കാരെ രക്ഷിക്കാറാണ് പതിവ്. ഡ്രൈവറുടെ പഴ്‌സും ഐഡി കാര്‍ഡും ഉള്‍പ്പെടെ പോലിസിന് ലഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാര്‍ ഒരുങ്ങുന്നത്.
Next Story

RELATED STORIES

Share it