ബസുമതി അരി കയറ്റുമതി: 1,000 കോടിയുടെ അഴിമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറാനിലേക്കു കയറ്റിയയച്ച ഉയര്‍ന്ന ഗുണനിലവാരമുള്ള ബസുമതി അരി ദുബയില്‍ ഇറക്കി 1,000 കോടിയുടെ വെട്ടിപ്പ് നടത്തിയതായി റവന്യൂ രഹസ്യാന്വേഷണ വകുപ്പ് (ഡിആര്‍ഐ) കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു ലക്ഷത്തിലധികം മെട്രിക് ടണ്‍ ബസുമതി അരിയാണ് ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള 25 വന്‍കിട കയറ്റുമതി കമ്പനികള്‍ ദുബയിലിറക്കി വെട്ടിപ്പ് നടത്തിയതെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഗുജറാത്തിലെ കാണ്ട്‌ല തുറമുഖറത്തു നിന്നാണ് അരി കയറ്റിയയച്ചത്. കസ്റ്റംസ് നല്‍കിയ കയറ്റുമതി രേഖകളിലെല്ലാം ഇറാനിലേക്കാണ് അരി കൊണ്ടുപോവുന്നതെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ചരക്കുകപ്പല്‍ ജീവനക്കാരെ സ്വാധീനിച്ച് അരി ദുബയ് തുറമുഖത്തിറക്കുകയായിരുന്നു. ഇന്ത്യയിലുള്ള കമ്പനികള്‍ക്ക് പണം ലഭിച്ചത് ഇറാനില്‍ നിന്നാണ്. ഇതിനു പിന്നില്‍ കള്ളപ്പണ വ്യാപാരവും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
ഉന്നതതലത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ദുബയിക്ക് കയറ്റുമതി ചെയ്താല്‍ ലഭിക്കുന്ന വിദേശനാണ്യം ഈ വ്യാപാരത്തിലൂടെ ഇന്ത്യക്കു നഷ്ടമായി. എക്‌സൈസ് ഡ്യൂട്ടിയിനത്തില്‍ ലഭിക്കേണ്ട തുക ഇറാനും നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു.സുപ്രിംകോടതി നിയമിച്ച പ്രത്യേക കള്ളപ്പണ അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് വിവരം കൈമാറിയിട്ടുണ്ടെന്നും ഡിആര്‍ഐ അറിയിച്ചു. പ്രശ്‌നം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറും നിരീക്ഷിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it