kozhikode local

ബഷീര്‍ പുതിയോട്ടിലും സംഘവും ഇടത്തോട്ട്; യുഡിഎഫിന് കനത്ത ആഘാതമാവും

മുക്കം: എം ഐ ഷാനവാസ് എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബഷീര്‍ പുതിയോട്ടിലും സംഘവും ഇടതുപക്ഷത്തേക്ക്.
ഇന്നലെ ഗോതമ്പറോഡില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 200ഓളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ ഭൂരിഭാഗം പേരും യുഡിഎഫിനൊപ്പം നില്‍ക്കേണ്ടതില്ല എന്ന അഭിപ്രായക്കാരായിരുന്നു. സംഭവം ചര്‍ച്ച ചെയ്യാനും ഇടതുമുന്നണിയുമായി ബന്ധപ്പെടാനും 9 അംഗ കമ്മിറ്റി രൂപീകരിച്ചു. നിരവധി പ്രവര്‍ത്തകരുടെ പിന്തുണയുള്ള ബഷീര്‍ പുതിയോട്ടില്‍ ഇടതുമുന്നണിയിലെത്തിയാല്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാവും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊടിയത്തൂര്‍ നാലാം വാര്‍ഡില്‍ നിന്നും ഇരുമുന്നണികള്‍ക്കെതിരെ മത്സരിച്ച ബഷീര്‍ 430 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനെത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും യുഡിഎഫുമായി അകന്നു നില്‍ക്കുന്നവരുമായി പുതിയ വേദിയുണ്ടാക്കാനും ബഷീര്‍ ശ്രമിച്ചിരുന്നു. ബഷീര്‍ ഇടതു മുന്നണിയിലെത്തുകയാണങ്കില്‍ നിലവില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് പുറമെ കോണ്‍ഗ്രസിലെ ചില നേതാക്കളും ഒപ്പമുണ്ടാവുമെന്നാണ് സൂചന. സിപിഐ, എന്‍സിപി കക്ഷികള്‍ ബഷീറുമായി ബന്ധപ്പെട്ടതായാണ് വിവരം.
Next Story

RELATED STORIES

Share it