kasaragod local

ബളാല്‍ വില്ലേജിലെ മുപ്പതിലേറെ കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കുന്നില്ല

കാഞ്ഞങ്ങാട്: ബളാല്‍ വില്ലേജില്‍ മുപ്പതോളം കുടുംബങ്ങളുടെ ഭൂ നികുതി സ്വീകരിക്കാതെ ദുരിതത്തില്‍. മരുതോം പാലച്ചാല്‍ പ്രദേശത്തെ കര്‍ഷകര്‍ക്കാണ് ഈ അവസ്ഥ. 1976ല്‍ പട്ടയം ലഭിച്ച ഇവിടുത്തെ ഭൂമി പലപ്പോഴായി ക്രയവിക്രയം നടത്തിയിരുന്നു. 1976 മുതല്‍ നികുതി അടച്ചു വന്നിരുന്നു.
എന്നാല്‍ 2010ല്‍ ഇവിടെ നടന്ന പട്ടയമേളയോടനുബന്ധിച്ച് സര്‍വേനടത്തുകയും 1976ല്‍ പട്ടയം ലഭിച്ച ഭൂമി 12 വര്‍ഷം തികയുന്നതിനു മുമ്പ് പലരും വില്‍പന നടത്തിയതായി ആരോപണമുയരുകയും കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കുന്നതു നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
പട്ടയം ലഭിച്ച ഭൂമി 12 വര്‍ഷത്തിനുള്ളില്‍ മറിച്ചു വില്‍പന നടത്തിയെന്ന ഒറ്റ കാരണമാണ് നികുതി സ്വീകരിക്കുന്നതു തടഞ്ഞുവയ്ക്കാനും ഇടയാക്കിയത്. എന്നാല്‍ ഇതൊന്നുമറിയാതെ ഇവിടെ സ്ഥലം വാങ്ങുകയും 35 വര്‍ഷത്തിലേറെ നികുതി അടയ്ക്കുകയും ചെയ്ത ശേഷമാണ് ഇപ്പോള്‍ നികുതി സ്വീകരിക്കാതായത്. ആറു തവണയെങ്കിലും കൈമാറിവന്ന ഭൂമി വാങ്ങിയ കര്‍ഷകരാണ് നീതി തേടി അലയുന്നത്. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടും തീരുമാനമുണ്ടാകാത്തതിനു തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, സുതാര്യ കേരളം, റവന്യു അദാലത്ത് എന്നിവയില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇവിടുത്ത കര്‍ഷകര്‍.
Next Story

RELATED STORIES

Share it