Flash News

ബലൂചിസ്താനില്‍ സ്‌ഫോടനം ; 25 പേര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ മുതിര്‍ന്ന രാഷ്ട്രീയനേതാവിനെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് 50 കി.മീ തെക്ക് മാറിയുള്ള മാസ്തുങ് നഗരത്തില്‍ ജുമുഅ നമസ്‌കാരത്തിനു പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയിലെ ഡെപ്യൂട്ടി ചെയര്‍മാനായ സെനറ്റര്‍ അബ്ദുല്‍ ഗഫൂര്‍ ഹൈദരിയുടെ വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. നിസ്സാര പരിക്കുകളോടെ ഹൈദരി രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആളാണോ ആക്രമണം നടത്തിയതെന്നു വ്യക്തമല്ലെന്ന് പോലിസ് ഓഫിസര്‍ സഫര്‍ ഖാന്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്കു മാറ്റി. ഭരണമുന്നണിയിലെ സുന്നി ഇസ്‌ലാമിക പാര്‍ട്ടിയായ ജമാഅത്ത് ഉലമായെ ഇസ്‌ലാം ഫാസില്‍ (ജെയുഐ-എഫ്) പ്രതിനിധിയാണ് ഹൈദരി. കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരിലേറെയും ജെയുഐ-എഫ് പാര്‍ട്ടി അനുയായികളാണ്. മതപാഠശാലയിലെ ബിരുദദാനച്ചടങ്ങില്‍ സംബന്ധിച്ച് ക്വറ്റയിലേക്ക് തിരിച്ചുപോവുകയായിരുന്നു ഹൈദരി. ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല.ദശാബ്ദങ്ങളായി ബലൂചിസ്താനില്‍ വിഘടനവാദികള്‍ പോരാട്ടരംഗത്താണ്.  പ്രവിശ്യയിലെ വിഘടനപ്രവര്‍ത്തനങ്ങള്‍ക്ക് അയല്‍രാജ്യമാണു സഹായം ചെയ്യുന്നതെന്നു പാകിസ്താന്‍ കുറ്റപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it