Flash News

ബലൂചിസ്താനില്‍ ആക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു



ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ മുസ്‌ലിം ദര്‍ഗയിലുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു. ഝല്‍ മാഗ്‌സി ജില്ലയിലാണു സംഭവം. ദര്‍ഗയില്‍ ഉറൂസിനോട് അനുബന്ധിച്ചു സൂഫി നൃത്തം നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുവുമായി എത്തിയ ആക്രമിയെ ദര്‍ഗയിലേക്കു പ്രവേശിക്കുന്നതു തടയാന്‍ പോലിസ് ശ്രമിച്ചെങ്കിലും പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ഒരു പോലിസ് ഉദ്യോഗസ്ഥനും മരിച്ചവരില്‍ ഉള്‍പ്പെടും. 12 പേരുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ദര്‍ഗയില്‍ അസാധാരണമായ തിരക്കുള്ള സമയത്തായിരുന്നു ആക്രമണമെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ടു പോലിസുകാരും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിനും സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി മിര്‍ സര്‍ഫാറസ് ബക്തി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലിസ് മേധാവി അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടെയും നില ഗുരുതരമാണ്്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it