Flash News

ബലിപെരുന്നാള്‍: മൃഗബലിക്കെതിരേ ക്യാംപയിനുമായി കേന്ദ്രം

ബലിപെരുന്നാള്‍: മൃഗബലിക്കെതിരേ ക്യാംപയിനുമായി കേന്ദ്രം
X


ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ ആഘോഷം വരുന്നതിന്റെ മുന്നോടിയായി മൃഗബലിക്ക് തടസ്സം സൃഷ്ടിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡ്. ഈ വര്‍ഷം ആഗസ്ത് 21,22 തിയ്യതികളിലാണ് ബലിപെരുന്നാള്‍ വരുന്നത്.  ഇതിന്റെ മുന്നോടിയായാണ് മൃഗങ്ങള്‍ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള ക്രൂരതകള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും റിപോര്‍ട്ട് ചെയ്യാനും ബോര്‍ഡ് അതിന്റെ വൊളന്റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആരെങ്കിലും മൃഗബലി നടത്തിയാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഒരു മൃഗത്തേയും സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ എസ് പി ഗുപ്ത പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ഭരണഘടനാ ഉപദേശക സമിതിയാണ് ബോര്‍ഡ്.

മൃഗബലിയെ ജനം മതവുമായി കൂട്ടികെട്ടുകയാണ്. എന്നാലിതൊരു മതപരമായ കാര്യമല്ല. ഒരു മതത്തിലും മൃഗങ്ങളെ കൊല്ലാന്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാളിനോടനുബന്ധിച്ച് ആട്, മാട്, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ ബലിയര്‍പ്പിക്കുകയും അതിന്റെ ഇറച്ചി പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത് പുണ്യമുള്ള കാര്യമായാണ് കരുതുന്നത്. മൃഗങ്ങളെ റോഡില്‍ അറുക്കരുതെന്നും ശുചിത്വവും അറവുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങളും പാലിക്കണമെന്നും കഴിഞ്ഞ ബലിപെരുന്നാളിന് മുസ്്‌ലിം സംഘടനകളും പണ്ഡിതന്മാരും ആഹ്വാനം ചെയ്തിരുന്നു.

ന്യായീകരണം എന്തായാലും ഈ കാംപയ്ന്‍ ലക്ഷ്യമിടുന്ന ബലി മതാചാരാമായി കൊണ്ടു നടക്കുന്ന സമൂഹങ്ങളെ, പ്രത്യേകിച്ച് മുസ്്‌ലിം സമുദായത്തെ ആണെന്ന് സെന്റര്‍ ഫോര്‍ ഇക്വിറ്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ മന്ദര്‍ പറഞ്ഞു. മൃഗസംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന പറയുന്നത് ഒരു മറ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മൃഗബലി ഒറ്റയടിക്ക് നിരോധിച്ചിട്ടില്ല. എന്നാല്‍, 2017ല്‍ കൊണ്ടു വന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യം തയുന്ന നിയമത്തില്‍ ആടുമാടുകളെ മതപരമായ ചടങ്ങുകള്‍ക്ക് ഉള്‍പ്പെടെ അറവിനായി വില്‍ക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ കര്‍ഷകര്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഇത് സ്‌റ്റേ ചെയ്തു. തുടര്‍ന്ന് കേന്ദ്രമന്ത്രാലയം തന്നെ അറവുമായി ബന്ധപ്പെട്ട ഇതിലെ വകുപ്പ് ഒഴിവാക്കിയിരുന്നു.

എന്നാല്‍, മൃഗങ്ങളെ അറുക്കുന്നതുമായി ബന്ധപ്പെട്ട മറ്റു പല നിയമങ്ങളിലെയും വകുപ്പുകളും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കിയാല്‍ മൃഗബലി ഒഴിവാക്കേണ്ടി വരുമെന്നാണ് ഗുപ്ത പറയുന്നത്. മൃഗബലി സ്വയമേവ നിരോധിച്ചിട്ടില്ല. എന്നാല്‍, മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൃഗങ്ങളെ എങ്ങിനെ കൊല്ലണമെന്നുള്ള നിര്‍ദേശങ്ങള്‍ ആരും പാലിക്കുന്നില്ലെന്ന് ഗുപ്ത പറഞ്ഞു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയലും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് ലൈസന്‍സ് നേടീയ കശാപ്പുശാലയില്‍ ആവണം എന്നതടക്കമുള്ള പല മാനദണ്ഡങ്ങളും പറയുന്നുണ്ട്.

മുസ്്‌ലിംകളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ കാംപയ്‌നെന്ന് അഭിഭാഷകനും ആള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഖുറേഷ് ആക്്ഷന്‍ കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് അബ്്ദുല്‍ ഫഹീം ഖുറേഷി പറഞ്ഞു. കേന്ദ്രത്തിന്റെ വിവാദമായ കന്നുകാലി വില്‍പ്പന നിയമത്തെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തത് അദ്ദേഹമാണ്.

ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡ് ഒരു ഉപദേശ ഏജന്‍സി മാത്രമാണെങ്കിലും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതുമായി ബന്ധപ്പെട്ട് കാര്യമായ ഇടപെടല്‍ നടത്താന്‍ അവര്‍ക്കാവും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരീക്ഷകരെ നിയമിക്കാന്‍ സമിതിക്ക് അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ തങ്ങള്‍ പോലിസില്‍ പരാതിപ്പെടുമെന്നും പോലിസും പരിഗണിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ഗുപ്ത പറഞ്ഞു.



Next Story

RELATED STORIES

Share it