Flash News

ബലാല്‍സംഗ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നവര്‍ക്ക് എതിരേ കര്‍ക്കശ നടപടി

കൊച്ചി: ബലാല്‍സംഗക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്നവരെ കര്‍ക്കശമായി നേരിടണമെന്ന് ഹൈക്കോടതി. പത്രത്തില്‍ വിവാഹപ്പരസ്യം നല്‍കി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന തിരുവനന്തപുരം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ച് പരാമര്‍ശം. സമൂഹത്തിന് എതിരായ കുറ്റമെന്നതിനാല്‍ ബലാല്‍സംഗക്കേസുകളെ കോടതികള്‍ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇരയായ സ്ത്രീയുടെ മൊഴി വിശ്വാസ്യയോഗ്യമാണെങ്കില്‍ അതു മാത്രം മതിയാവും ആരോപണവിധേയനെ ശിക്ഷിക്കാന്‍. ബലാല്‍സംഗക്കേസുകളെ ഇത്രയും ഗൗരവത്തോടെ പരിഗണിക്കുമ്പോള്‍ തെറ്റായ പരാതികളെയും അതേ ഗൗരവത്തോടെ കര്‍ക്കശമായി നേരിടണം. നിലവിലെ പരാതിക്കാരി ഗുരുതരമായ ആരോപണങ്ങള്‍ വ്യാജമായി ഉന്നയിക്കുന്ന പ്രവണതയുള്ളയാളാണ്.
അതിനാല്‍ ഇവര്‍ക്കെതിരേ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആരോപണവിധേയനായിരുന്ന സനില്‍കുമാറിന് കള്ളക്കേസില്‍ കുടുക്കിയതിനെതിരേ മറ്റു നിയമനടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 2013ല്‍ തിരുവനന്തപുരം ശ്രീകാര്യം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി സനില്‍കുമാര്‍ പ്രതിയായത്. തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്.
ക്രിസ്തുമത വിശ്വാസിയായ സനില്‍കുമാര്‍ അമ്പലത്തില്‍ വച്ച് 2013 ജൂലൈ 11ന് താലി കെട്ടി പീഡിപ്പിച്ചതിനുശേഷം ഉപേക്ഷിച്ചെന്നായിരുന്നു പരാതി. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യഭാര്യ രക്താര്‍ബുദം മൂലം മരിച്ചതിനാലാണ് മറ്റൊരു വിവാഹത്തിന് തീരുമാനിച്ചതെന്ന് സനില്‍കുമാര്‍ ബോധിപ്പിച്ചു. മുന്‍ വിവാഹങ്ങള്‍ റദ്ദായെന്ന് യുവതി പറഞ്ഞത് നുണയാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് അവര്‍  പരാതി നല്‍കിയത്.
യുവതി മനോജ് എന്നയാള്‍ക്കെതിരേ സമാനമായ പരാതി  നല്‍കിയിരുന്നു. സനില്‍കുമാറിന് എതിരായ കേസിന്റെ പുരോഗതി അന്വേഷിക്കാന്‍ പോയപ്പോള്‍ സിഐ ലൈംഗികമായി പീഡിപ്പിച്ചെന്നും ആരോപിച്ചിരുന്നതായി കോടതി കണ്ടെത്തി. യുവതി നേരത്തേ അഞ്ചുതവണ വിവാഹം കഴിച്ചിരുന്നതായി പോലിസും കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ഈ കേസില്‍ ബലാല്‍സംഗ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

.
Next Story

RELATED STORIES

Share it