ബലാല്‍സംഗ ഇരകള്‍ക്ക് 10 ലക്ഷം വരെ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: രാജ്യത്തെവിടെയും കൂട്ട ബലാല്‍സംഗത്തിന് ഇരയാവുന്നവര്‍ക്ക് ഇനി മുതല്‍ അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (എന്‍എഎല്‍എസ്എ)യുടെ നിര്‍ദിഷ്ട പദ്ധതിയുടെ ഭാഗമാണിത്. ആസിഡ് ആക്രമണത്തിന് ഇരയാവുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. പദ്ധതിക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി. രാജ്യത്ത് എല്ലായിടത്തും പദ്ധതി ബാധകമായിരിക്കുമെന്നു കോടതി വ്യക്തമാക്കി.
ബലാല്‍സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാവുന്നവര്‍ക്ക് ചുരുങ്ങിയത് നാലു ലക്ഷവും പരമാവധി എഴു ലക്ഷവും ലഭിക്കും. ഇതിനേക്കാള്‍ കൂടിയ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടാകുമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമായവര്‍ക്ക് എഴു ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ ലഭിക്കും. ആക്രമണത്തില്‍ 50 ശതമാനത്തിലേറെ പരിക്കേറ്റവര്‍ക്ക് ചുരുങ്ങിയത് അഞ്ചു ലക്ഷവും പരമാവധി എട്ടു ലക്ഷവും ലഭിക്കും. 50 ശതമാനത്തിലും 20 ശതമാനത്തിലും താഴെ പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവും. ബലാല്‍സംഗത്തില്‍ ഗര്‍ഭിണിയാവുന്നവര്‍ക്ക് നാലുലക്ഷം വരെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവും. കോടതിയുടെ നിര്‍ദേശപ്രകാരം പദ്ധതി പരിഷ്‌കരിച്ചുവെന്ന് വാദത്തിനിടെ എന്‍എഎല്‍എസ്എ ഡയറക്ടര്‍ എസ് എസ് രതി അറിയിച്ചു.
Next Story

RELATED STORIES

Share it