Flash News

ബലാല്‍സംഗകേസില്‍ പ്രതിയായ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് വന്ദിച്ച് ചീഫ്ജസ്റ്റിസ്

ബലാല്‍സംഗകേസില്‍ പ്രതിയായ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് വന്ദിച്ച് ചീഫ്ജസ്റ്റിസ്
X
ന്യൂ ഡല്‍ഹി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് വന്ദിച്ച് സിക്കിം ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് സുരേന്ദ്രനാഥ് ഭാര്‍ഗവ. ബലാല്‍സംഗകേസില്‍ വിചാരണത്തടവുകാരനായ ഇയാളെ ജോധ്പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മുന്‍ ഗവര്‍ണര്‍ കൂടിയായ ഭാര്‍ഗവ കാല്‍തൊട്ട് അനുഗ്രഹം നേടിയത്.


രാജസ്ഥാന്‍ പൊലിസിന്റെ അകമ്പടിയോടെ വാഹനത്തില്‍നിന്നിറങ്ങി കോടതിയിലേക്ക് വരികയായിരുന്നു ആശാറാം ബാപ്പു. ഇയാളുടെ മുന്നിലേക്ക് വന്ന ഭാര്‍ഗവ പൊലിസിന്റെ മുന്‍പില്‍വെച്ചു തന്നെ കാല്‍തൊട്ട് വണങ്ങി. ഭാഗര്‍ഗവയുടെ കൂടെയുണ്ടായിരുന്ന രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ഇതു കണ്ടതോടെ പ്രതിയുടെ കാല്‍ക്കല്‍വീണു.

ജോധ്പൂരില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരുന്ന താന്‍ ആശാറാം വരുന്നുവെന്നറിഞ്ഞ് വന്നതാണെന്ന് ഭാര്‍ഗവ പ്രതികരിച്ചു. ഭാര്‍ഗവ തന്റെ ഭക്തനാണെന്നും നീതിന്യായ വകുപ്പുമായുള്ള ബന്ധത്താല്‍ തനിക്ക് ശുഭകരമായ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശാറാമും പിന്നീട് പറഞ്ഞു.

2013ലാണ് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആശാറാം ജയിലിലാകുന്നത്. കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാമും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തു വന്നിരുന്നു.
Next Story

RELATED STORIES

Share it