thiruvananthapuram local

ബയോഗ്യാസ് പ്ലാന്റ് നന്നാക്കാനെന്ന വ്യാജേന എത്തിയവര്‍ സ്വര്‍ണവും പണവും കവര്‍ന്നു

കഴക്കൂട്ടം: ബയോഗ്യാസ് പ്ലാന്റ് നന്നാക്കാനെന്ന വ്യാജേനെ വില്ലേജ് ഓഫിസറുടെ വീട്ടില്‍ എത്തിയ സംഘം സ്വര്‍ണവും പണവും തട്ടിയെടുത്തു.
കഴക്കൂട്ടം വില്ലേജ് ഓഫിസര്‍ ഹാഷിമിന്റെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനടുത്തുള്ള വീട്ടില്‍ നിന്നാണ് പട്ടാപ്പകല്‍ നാലുപവനും 29,000 രൂപയും കവര്‍ന്നത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഹാഷിമും ഭാര്യയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല.
ഹീറോഹോണ്ടാ സ്പ്ലണ്ടര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വീട്ടിലുണ്ടായിരുന്ന ഹാഷിമിന്റെ മക്കളോട് ബയോഗ്യാസ് പ്ലാന്റ് ശരിയാക്കാനാണ് വന്നതെന്ന് പരിചയപ്പെടുത്തി. ഇതിനുശേഷം വീടിന്റെ പിന്നിലുള്ള ബയോഗ്യാസ് പ്ലാന്റ് നോക്കാനായിപ്പോയി. തുടര്‍ന്ന് അടുക്കളയില്‍ കടന്ന മോഷ്ടാക്കള്‍ ഗ്യാസ് അടുപ്പിന്റെ ട്യൂബ് വാഷര്‍ കേടാണെന്ന് പറഞ്ഞു. പുതിയ വാഷര്‍ വാങ്ങിവരാനായി ഹാഷിമിന്റെ മൂത്തമകനോട് പറയുകയും കടയിലേക്ക് പോവാനായി അവരുടെ ബൈക്ക് നല്‍കുകയും ചെയ്തു. ഈസമയം ഇളയ മകന്‍ കൂട്ടുകാരുമൊത്ത് വീടിന് പുറത്തായിരുന്നു.
രണ്ടുപേരില്‍ ഒരാള്‍ ഇവര്‍ക്കൊപ്പം കൂടി കുശലാന്വേഷണം നടത്തിനിന്നു. ഈ തക്കത്തിലാണ് വീട്ടിലുണ്ടായിരുന്നയാള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലുപവന്റെ പാദസ്വരങ്ങളും പണവും കവര്‍ന്നത്.
വാഷറുമായി ഹാഷിമിന്റെ മകന്‍ കടയില്‍ നിന്ന് എത്തിയപ്പോള്‍ പ്ലാന്റിന് മറ്റ് തകറാറുകളൊന്നുമില്ലെന്ന് പറഞ്ഞ് സംഘം സ്ഥലം വിട്ടു. ഉച്ചയ്ക്കുശേഷം ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണവും പണവും അപഹരിക്കപ്പെട്ടത് അറിഞ്ഞത്. വിവരമറിഞ്ഞ് വീട്ടുകാര്‍ ബയോഗ്യാസ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍വീസിനായി അവിടെ നിന്നും ആരെയും അയച്ചിട്ടില്ലെന്ന് അറിയിച്ചു. മംഗലപുരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.
Next Story

RELATED STORIES

Share it