ബയേണും അത്‌ലറ്റികോയും മുന്നോട്ട്

മ്യൂണിക്ക്/മാഡ്രിഡ്: ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും സ്പാനിഷ് ലീഗില്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡിനും ജയം.
28ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 1-0ന് ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയാണ് മറികടന്നത്. 20ാം മിനിറ്റില്‍ ഫ്രാങ്ക് റിബറി നേടിയ ഗോളാണ് ഹോംഗ്രൗണ്ടില്‍ ബയേണിന് നേരിയ ജയം സമ്മാനിച്ചത്. ജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടുമായുള്ള പോയിന്റ് അകലം എട്ടാക്കി ഉയര്‍ത്താനും തലപ്പത്തുള്ള ബയേണിന് സാധിച്ചു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഹംബര്‍ഗ് 3-0ന് ഹനോവറിനെയും ബയേര്‍ ലെവര്‍ക്യൂസന്‍ ഇതേ സ്‌കോറിന് വോള്‍ഫ്‌സ്ബര്‍ഗിനെയും തോല്‍പ്പിച്ചു.
അതേസമയം, 31ാം റൗണ്ട് മല്‍സരത്തില്‍ അത്‌ലറ്റികോ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ബെറ്റിസിനെ തരിപ്പണമാക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ ആന്റോയിന്‍ ഗ്രീസ്മാനാണ് അത്‌ലറ്റികോയുടെ ഹീറോ. 42, 81 മിനിറ്റുകളിലാണ് താരം അത്‌ലറ്റികോയ്ക്കു വേണ്ടി വലകുലുക്കിയത്. ഫെര്‍ണാണ്ടോ ടോറസ്, ജുഹാന്‍ഫ്രാന്‍, തോമസ് ടെയെ പാര്‍ട്ടെ എന്നിവരാണ് അത്‌ലറ്റികോയുടെ മറ്റു സ്‌കോറര്‍മാര്‍.
ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് അകലം ആറാക്കി കുറയ്ക്കാനും രണ്ടാമതുള്ള അത്‌ലറ്റികോയ്ക്ക് സാധിച്ചു. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ റയോ വല്ലെക്കാനോ 2-0ന് ഗെറ്റാഫെയെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it