ബന്‍സാലിയെ സമിതി മുമ്പാകെ വരുത്തിയതിനെതിരേ അഡ്വാനി

ന്യൂഡല്‍ഹി: സംഘപരിവാര പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രദര്‍ശനം അനിശ്ചിതത്വത്തിലായ പത്മാവതി എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ പാര്‍ലമെന്ററി സമിതി മുമ്പാകെ വിളിച്ചുവരുത്തിയതിനെതിരേ സമിതിയിലെ അംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍ കെ അഡ്വാനി. വിവര, സാങ്കേതികവിദ്യാ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതി ഇന്നലെ ബന്‍സാലിയെ സമിതി മുമ്പാകെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് എല്‍ കെ അഡ്വാനി നിലപാട് എടുത്തത്. സമിതിയുടെ അധ്യക്ഷനും ബിജെപി എംപിയുമായ അരുണ്‍ ഠാക്കൂര്‍ അടക്കമുള്ള  അംഗങ്ങള്‍ ബന്‍സാലിയെ  കഠിനമായി വിഷമിപ്പിച്ചപ്പോഴാണ് അഡ്വാനി ബന്‍സാലിയുടെ രക്ഷയ്‌ക്കെത്തിയത്. ബന്‍സാലിയെ ക്രോസ് വിസ്താരം നടത്തുന്നത് സമിതിയുടെ അജണ്ടയല്ലെന്നും സമിതിക്ക് ഇതിനകം തന്നെ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും സമിതിയുടെ അധ്യക്ഷനെ അഡ്വാനി താക്കീത് ചെയ്തതായാണ് റിപോര്‍ട്ട്. അതേസമയം, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) അനുമതി ലഭിക്കുന്നത് വരെ വിദേശത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് സമിതി മുമ്പാകെ ബന്‍സാലി ഉറപ്പുനല്‍കിയിട്ടുണ്ട്. സിനിമ പരിശോധിക്കുന്നതിനായി ചരിത്രകാരന്‍മാരുടെ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് സിബിഎഫ്‌സി അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി സമിതി മുമ്പാകെ അറിയിച്ചു. എന്നാല്‍, ഇതിന് കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടു പ്രമുഖ മാധ്യമ പ്രവര്‍ത്തകരും തന്റെ ആറു സുഹൃത്തുക്കളും അടക്കം എട്ടുപേര്‍ മാത്രമാണ് ഇതുവരെ സിനിമ കണ്ടിട്ടുള്ളത് എന്നാണ് ബന്‍സാലി സമിതിയെ അറിയിച്ചത്.
Next Story

RELATED STORIES

Share it