Flash News

ബന്ധു നിയമനക്കേസ്‌ : വിജിലന്‍സിന് രൂക്ഷ വിമര്‍ശനം



കൊച്ചി: മുന്‍മന്ത്രി ഇ പി ജയരാജന്‍ ആരോപണവിധേയനായ ബന്ധു നിയമനക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഇ പി ജയരാജനെ എന്ത് അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതെന്നും ആരെ തൃപ്തിപ്പെടുത്താനാണ് വിജിലന്‍സ് കേസ് എടുത്തത് എന്നും കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കന്‍മാരെയും ജനങ്ങളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി കേസ് എടുക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് പി ഉബൈദ് ചോദിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന ഒരു നിയമം ഉണ്ട്. റൂള്‍ ഓഫ് ലോ അനുസരിച്ച് വേണം ഉദ്യോഗസഥര്‍ കേസ് കൈകാര്യം ചെയ്യേണ്ടതെന്നും സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സാമ്പത്തികമായോ അല്ലാതെയോ എന്തു നേട്ടമാണ് ജയരാജനടക്കമുള്ളവര്‍ ഉണ്ടാക്കിയതെന്ന് റിപോര്‍ട്ടില്‍ വ്യക്തമല്ലെന്നും ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വിജിലന്‍സിന്റെ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. അന്വേഷണം റദ്ദാക്കാന്‍ സുധീര്‍ നമ്പ്യാര്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഹരജി മേയ് 30ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it