Flash News

ബന്ധു നിയമനം - പാര്‍ട്ടി നടപടി താക്കീതിലൊതുങ്ങി : ശ്രീമതിക്കും ജയരാജനും ആശ്വാസം



തിരുവനന്തപുരം: ബന്ധുനിയമനത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനും പി കെ ശ്രീമതി എംപിക്കുമെതിരേ ഒടുവില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നു. അച്ചടക്ക നടപടിയില്‍ ഏറ്റവും ലഘുവായ താക്കീതാണ് ഇരുവര്‍ക്കും പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടപടി താക്കീതില്‍ ഒതുങ്ങിയത് ഇരുവര്‍ക്കും ആശ്വാസമാണ്. കൂടാതെ, പാര്‍ട്ടി സംസ്ഥാനഘടകത്തിനും. ബന്ധുനിയമനത്തില്‍ ഇരുവരും സ്വജനപക്ഷപാതം കാട്ടിയെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. സ്വജനപക്ഷപാതം അഴിമതിയായാണ് സിപിഎം കണക്കാക്കുന്നത്. എന്നിട്ടും ഇരുവര്‍ക്കുമെതിരെയുള്ള നടപടി ലഘുവാകാനുള്ള കാരണം, കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ഇടപെടലും പാര്‍ട്ടിയോട് കുറ്റം ഏറ്റുപറഞ്ഞ ഇരുവരുടെയും സമീപനവുമായിരുന്നു. ബന്ധുനിയമന വിവാദം ഉയര്‍ന്നതിനു ശേഷം മന്ത്രിസ്ഥാനം രാജിവയ്ക്കാനെടുത്ത തീരുമാനം പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്റെ നടപടി തെറ്റായിപ്പോയെന്ന് ഇ പിയും പി കെ ശ്രീമതിയും വ്യക്തമാക്കിയിരുന്നു. പിന്നീട് കേന്ദ്രകമ്മിറ്റി മുമ്പാകെയും തെറ്റുപറ്റിയതായി ഇരുവരും ഏറ്റുപറഞ്ഞിരുന്നു. ഇതൊക്കെ കണക്കിലെടുത്താണു നടപടി താക്കീതില്‍ ഒതുങ്ങിയത്. അതേസമയം, ഇ പി ജയരാജനെതിരേ വിജിലന്‍സ് കേസ് നടന്നുവരികയാണ്. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ടാല്‍ മന്ത്രിപദവിയില്‍ തിരികെവരാനുള്ള സാഹചര്യവും ഇപിക്കുമുന്നില്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രി ഇ പി ജയരാജനെതിരേ ബന്ധുനിയമന ആരോപണം ഉയര്‍ന്നത്. ആരോപണം ആളിക്കത്തിയതോടെ ഇരുവരും രാജിവച്ചൊഴിഞ്ഞു. എങ്കിലും രാഷ്ട്രീയ വിവാദം കെട്ടടങ്ങിയില്ല. തുടര്‍ന്ന് ആരോപണം ഉയര്‍ന്ന് ഒമ്പതാം നാളില്‍ ഇ പി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഇപ്പോഴാവട്ടെ പാര്‍ട്ടി നടപടിയും ഉണ്ടായിരിക്കുന്നു.
Next Story

RELATED STORIES

Share it