Flash News

ബന്ധുക്കളായ കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു



താമരശ്ശേരി: പുതുപ്പാടി കാക്കവയല്‍ വനപര്‍വം പുഴയിലെ കയത്തില്‍ ബന്ധുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പടനിലം കൊല്ലരുകണ്ടി മൂസയുടെ മകന്‍ മഅ്‌റൂഫ് (7), നരിക്കുനി കണ്ടോത്ത്പാറ ചുള്ളിക്കാട്ട് അഷ്‌റഫിന്റെ മകന്‍ അബ്ദുല്‍ ബാസിത്(6) എന്നിവരാണ് മരിച്ചത്. ബന്ധുവിന്റെ വിവാഹത്തിനായി ഈങ്ങാപ്പുഴ വേനപ്പാറയിലെത്തിയ ഇവര്‍ വനപര്‍വത്തിലെ പാത്തിപ്പാറയില്‍ എത്തിയതായിരുന്നു. പാറയില്‍ ഇരിക്കുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയാണ് മുങ്ങിമരിച്ചത്. ഈങ്ങാപ്പുഴ വേനപ്പാറയില്‍ ബന്ധുവിന്റെ വിവാഹ വീട്ടിലെത്തിയ നരിക്കുനി കണ്ടോത്ത്പാറ സ്വദേശിയായ അഷ്‌റഫ് മക്കളായ അബ്ദുല്‍ ബാസിത്, ഫാഇസ് എന്നിവരെയും ഭാര്യയുടെ സഹോദരിയുടെ മകനായ മഅറൂഫിനെയും കൂട്ടി കാക്കവയല്‍ വനപര്‍വം ജൈവ വൈവിധ്യ ഉദ്യാനത്തിലെത്തുകയായിരുന്നു. വനപര്‍വത്തിലെ പുഴയുടെ പാത്തിപ്പാറ ഭാഗത്ത് ഇരിക്കുന്നതിനിടെ മഅറൂഫും ബാസിതും കാല്‍ തെന്നി കയത്തിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഷ്‌റഫും കയത്തില്‍ വീണു. കരക്കുണ്ടായിരുന്ന ഫാഇസിന്റെ കരച്ചില്‍ കേട്ട് എത്തിയവരാണ് അഷ്‌റഫിനെ രക്ഷപ്പെടുത്തിയത്. 12 അടിയോളം ആഴത്തിലുള്ള കയത്തിലേക്ക് താഴ്ന്നു പോയ വിദ്യാര്‍ഥികകള്‍ താഴ്ന്നുപോവുകയായിരുന്നു. താമരശ്ശേരി പോലിസും മുക്കത്തുനിന്നുള്ള ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നുച്ചയോടെ വീടുകളിലെത്തിക്കും. മരിച്ച മഅ്‌റൂഫ് ചൂലാംവയല്‍ എല്‍പി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ഹഫ്‌സത്ത്. സഹോദരി: ആയിശ മിന്‍ഹ. ഖബറടക്കം ഇന്ന് ഉച്ചക്ക് 12നു പടനിലം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍. പിസി പാലം എഎംഎല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അബ്ദുല്‍ ബാസിത്. മാതാവ്: സാറ. ഒരുമാസം പ്രായമുള്ള സഹോദരിയുണ്ട്. ഖബറടക്കം പിസി പാലം ജുമാമസ്്ജിദില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കും.
Next Story

RELATED STORIES

Share it