ബന്ദിപൂര്‍ യാത്രാ നിയന്ത്രണം തുടരണമെന്ന് കടുവ സംരക്ഷണ അതോറിറ്റി; കേരളത്തിന്റെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: ബന്ദിപൂരിലെ രാത്രികാല ഗതാഗത നിരോധനം നീക്കാനാവില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രിംകോടതിയില്‍ റിപോര്‍ട്ട് നല്‍കി. നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപോര്‍ട്ട്. നിരോധനം നിയമവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം. അതേസമയം, മൈസൂരില്‍ നിന്ന് രാത്രികാല ഗതാഗതത്തിനു സമാന്തര പാത ഉപയോഗിക്കണമെന്നാണ് കടുവ സംരക്ഷണ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശം.
രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയായിരുന്നു ബന്ദിപൂരിലൂടെയുള്ള ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാവുമെന്നാണ് അതോറിറ്റിയുടെ റിപോര്‍ട്ട്.
നിലവില്‍ ബന്ദിപൂരിനു സമാന്തരമായി ഒരു റോഡുണ്ട്. ഇത് 75 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ബന്ദിപൂര്‍ പാതയിലെ നിരോധനം മാറ്റാനാവില്ലെന്ന് അതോറിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനവും കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും നിയമവിരുദ്ധമാണെന്നാണ് കേരളം സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്.
അതിനിടെ, ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതു സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആലപ്പുഴയില്‍ പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരമുണ്ടായാല്‍ ഇരു സംസ്ഥാനവും ഇക്കാര്യം സുപ്രിംകോടതിയെ അറിയിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്ര സംബന്ധിച്ച പഠനം നടത്താന്‍ സുപ്രിംകോടതി ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിരുന്നു. തുടര്‍ന്നുള്ള പഠനത്തിനു ശേഷമാണ് നിരോധനം തുടരണമെന്ന റിപോര്‍ട്ട് അതോറിറ്റി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it