ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്നു കേന്ദ്രം ഇത്രയുംകാലം ഉരുവിട്ടതെന്തുകൊണ്ട് ?

ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്നു കേന്ദ്രം ഇത്രയുംകാലം ഉരുവിട്ടതെന്തുകൊണ്ട് ?
X
ന്യൂഡല്‍ഹി: ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള, വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ കാണാതായവരുടെ ബന്ധുക്കള്‍ . ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ ഇത്രയും കാലം ഉരുവിട്ടതെന്തുകൊണ്ട് എന്നാണ് അവര്‍ ചോദിക്കുന്നത്.
കാണാതായവര്‍ ഐഎസിന്റെ പിടിയിലാണെന്നും ഇവര്‍ ജീവനോടെയിരിപ്പുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ ഇതുവരെയും നല്‍കിയ മറുപടി. എന്നാല്‍, കാണാതായവരെക്കുറിച്ച് സര്‍ക്കാരിന് ഒരു വിവരവും ഇല്ലായിരുന്നുവെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പലരുടെയും ബന്ധുക്കള്‍ ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ വഴിയാണ് മരണവാര്‍ത്ത അറിയുന്നത്.



പതിനൊന്നോ, പന്ത്രണ്ടോ തവണ തങ്ങള്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ കണ്ടിരുന്നുവെന്നും അപ്പോഴൊക്കെയും ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നും കൊല്ലപ്പെട്ട നിഷാന്റെ (31) സഹോദരന്‍ സര്‍വാന്‍ പറഞ്ഞു. അമൃത്‌സര്‍ സ്വദേശിയാണ് സര്‍വാന്‍. ബന്ദികളെ കൊലപ്പെടുത്തിയെന്നു കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ട ഹര്‍ജിത് മസിഹ് നുണ പറയുകയാണെന്നാണ് അവര്‍ പറഞ്ഞതെന്ന് സര്‍വാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണിത്.
പഞ്ചാബുകാരെയാണ് അധികവും കാണാതായത്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ സര്‍ക്കാരിനു രക്ഷപ്പെടുത്താനായി. എന്നാല്‍ തങ്ങളെ രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളില്‍ സുഷമാ സ്വരാജിനെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല- അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട മണീന്ദര്‍ സിങിന്റെ സഹോദരി ഗുര്‍പീന്ദര്‍ സിങും സര്‍ക്കാരിന്റെ പരാജയത്തിലേക്കു വിരല്‍ചൂണ്ടുന്നു. എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ ഇതാ അവര്‍ മരിച്ചെന്നു പറയുന്നു- കൗര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഗോബീന്ദര്‍ സിങിന്റെ കുടുംബവും ടിവിയില്‍ നിന്നാണു വിവരമറിഞ്ഞത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായവും ജോലിയും സര്‍ക്കാര്‍ നല്‍കണമെന്ന് സിങിന്റെ സഹോദരന്‍ ദേവീന്ദര്‍ സിങ് ആവശ്യപ്പെട്ടു. കാണാതായവര്‍ അക്രമികളുടെ പിടിയിലാണെന്നും അവര്‍ എവിടെയുണ്ടെന്നു തങ്ങള്‍ക്ക് അറിയാമെന്നും അവരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്നും വരെ പലപ്പോഴും സര്‍ക്കാര്‍ പറഞ്ഞിരുന്നതായി ഗുരുദാസ്പുര്‍ സ്വദേശി ധര്‍മീന്ദര്‍ കുമാറിന്റെ കുടുംബം വെളിപ്പെടുത്തുന്നു. ഏറ്റവും ഒടുവില്‍ വരെ ധര്‍മീന്ദര്‍ തിരിച്ചെത്തുമെന്ന മറുപടിയാണു ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു. മൂന്നു വര്‍ഷം എന്തിനാണ് ഞങ്ങളോട് കള്ളംപറഞ്ഞതെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
Next Story

RELATED STORIES

Share it