ernakulam local

ബധിരനും മൂകനുമായ മകനും മാതാവും സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

മട്ടാഞ്ചേരി: പോലിസില്‍ നിന്ന് നീതി തേടി വൃദ്ധയായ അമ്മയും ബധിരനും മൂകനുമായ മകനും സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇടക്കൊച്ചി കുമ്പളം ഫെറി നമ്പൂരി വീട്ടില്‍ അനിത ഗോപി(58), മകന്‍ നിവിന്‍(35)മാണ് പള്ളുരുത്തി പോലിസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. അയല്‍വാസിയുടെ അക്രമത്തിനിരയായ ഇവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ 17നാണ് ഇവര്‍ അയല്‍വാസിയുടെ അക്രമത്തിനിരയായത്. 30 വര്‍ഷം മുമ്പ് ഇവര്‍ അയല്‍വാസിയുടെ പിതാവില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം വാങ്ങി ഇവിടെ താമസിച്ച് വരികയാണ്. എട്ട് വര്‍ഷം മുമ്പ് ആരോപണ വിധേയനായ അയല്‍വാസിയുടെ പിതാവ് മരിച്ചത് മുതല്‍ ഇയാളും ഭാര്യയും ചേര്‍ന്ന് ഇവരെ നിരന്തരം ബുദ്ധിമുട്ടിച്ച് വരികയാണത്രേ. ഇവര്‍ക്ക് നടക്കാനുള്ള വഴി തങ്ങളുടേതാണെന്ന് പറഞ്ഞാണത്രേ അക്രമിക്കുന്നത്. കഴിഞ്ഞ മാസമുണ്ടായ മഴയില്‍ അയല്‍വാസിയുടെ പറമ്പിലേക്ക് വെള്ളം കയറിയെന്ന് പറഞ്ഞാണത്രേ ഇരുമ്പ് വടിയുപയോഗിച്ച് അക്രമിച്ചത്. ബധിരനും മൂകനുമായ തന്റെ മകനെ അക്രമിക്കുന്നത് കണ്ട് ഇത് തടയാനെത്തിയ അമ്മയേയും അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അനിതയുടെ കൈ ഒടിഞ്ഞിരുന്നു. അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പോലിസ് മൊഴിയെടുക്കാനെത്തിയത് രണ്ട് ദിവസത്തിന് ശേഷമാണ്. പിന്നീട് നടപടിയൊന്നുമുണ്ടായില്ലത്രേ. പലതവണ അസി.കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരോട് പരാതിപ്പെട്ടെങ്കിലും നടപടിയായില്ല. ഇതിനിടയിലും ഇവരെ ഉപദ്രവിക്കാനുള്ള ശ്രമം നടന്നു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ക്ക് പോലിസ് അവസരം കൊടുക്കുകയാണെന്ന് മനസ്സിലായ ഇവര്‍ നീതി തേടി സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് നോര്‍ത്ത് ബ്‌ളോക്ക് ജനറല്‍ സെക്രട്ടറി ഷമീര്‍ വളവത്തിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയും പള്ളുരുത്തി സിഐ കെ ജി അനീഷുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it