ബജ്‌രംഗ്ദളിന്റെ ആയുധ പരിശീലനം; നേതാക്കള്‍ തമ്മില്‍ വാക്‌പോര്

ലഖ്‌നോ: അയോധ്യയില്‍ ഈ മാസം 14ന് ബജ്‌രംഗ്ദള്‍ നടത്തിയ ആയുധപരിശീലനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ നേതാക്കളില്‍ വാക്‌പോര്. നിയമവിരുദ്ധമായ ആയുധ പരിശീലനത്തെ ഗവര്‍ണര്‍ രാം നായ്ക് പിന്തുണച്ചതിനെ ബിഎസ്പി നേതാവ് മായാവതി വിമര്‍ശിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ആയുധപരിശീലന ക്യാംപിന് പിന്നിലെന്നു സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. വര്‍ഷംതോറും നടത്താറുള്ള ഈ പരിശീലനത്തെ യുപി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നു ബിജെപി വക്താവ് വിജയ് ബഹദൂര്‍ പഥക്കും കുറ്റപ്പെടുത്തി.
കലാപം നടത്തുന്നവരെയും ഭീകരാക്രമണം നടത്തുന്നവരെയും ചെറുത്തു തോല്‍പ്പിക്കുന്ന മോക്ക് ഡ്രില്ലാണ് ആയുധപരിശീലനത്തിന്റെ ഭാഗമായി ബജ്‌രംഗ്ദള്‍ നടത്തിയത്. അതില്‍ പരമ്പരാഗതമായി മുസ്‌ലിംകള്‍ ധരിക്കാറുള്ള തൊപ്പികളും കള്ളികളുള്ള സ്‌കാര്‍ഫുമായാണ് അക്രമികളായി വേഷം കെട്ടിയവര്‍ പ്രത്യക്ഷപ്പെട്ടത്.
പദവിയുടെ അന്തസ്സും ഭരണഘടനാ തത്ത്വങ്ങളും അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നു മായാവതി പറഞ്ഞു. എല്ലാവിഭാഗം ജനങ്ങള്‍ക്കും ആയുധപരിശീലനം നടത്താന്‍ അനുമതി നല്‍കിയാല്‍ രാജ്യത്തിന്റെ സ്ഥിതിയെന്താവുമെന്ന് അവര്‍ ചോദിച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും വര്‍ഗീയകലാപത്തിനു പ്രോല്‍സാഹനം നല്‍കുകയാണെന്നും അവര്‍ ആരോപിച്ചു. മുസഫര്‍നഗര്‍ കലാപം കൂടാതെ ലൗജിഹാദ് -ഘര്‍വാപസി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയതുപോലെ അടുത്തവര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ ധ്രുവീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി കുറ്റപ്പെടുത്തി. ഇത്തരം പരിശീലന ക്യാംപുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങും ആവശ്യപ്പെട്ടു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതിന് ബിജെപി എംപിമാരായ വിനയ്കത്യാരും യോഗി ആദിത്യനാഥും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it