ബജ്‌പെ വിമാനദുരന്തത്തിന് എട്ടാണ്ട്; നിയമപോരാട്ടവുമായി അബ്ദുല്‍ സലാം

അബ്ദുര്‍റഹ്മാന്‍ ആലൂര്‍
കാസര്‍കോട്: മംഗളൂരു വിമാനദുരന്തത്തിന് എട്ടാണ്ട് പൂര്‍ത്തിയായിട്ടും മുഴുവന്‍ നഷ്ടപരിഹാരവും കിട്ടാതെ മരിച്ചവരുടെ ആശ്രിതര്‍. 2010 മെയ് 22ന് രാവിലെ 6.05നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം നടന്നത്. യുഎഇയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായെത്തുന്നതും കാത്തുനില്‍ക്കുന്നവരുടെ കണ്‍മുന്നില്‍ വിമാനം നിമിഷനേരംകൊണ്ട് കത്തിയെരിഞ്ഞ് കുറെ കരിക്കഷണങ്ങളായി മാറിയതിന്റെ രോദനം ഇന്നും മനസ്സില്‍നിന്നു മാറിയിട്ടില്ല. അതേസമയം, ഇത്രയും വലിയ മഹാദുരന്തം നടന്നിട്ടും മനസ്സലിയാത്ത അധികൃതരുടെ സമീപനത്തിന് ഇന്നും മാറ്റമൊന്നുമുണ്ടായിട്ടില്ല.
58 മലയാളികള്‍ ഉള്‍പ്പെടെ 158 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും നാലു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 23 കുട്ടികളും ഉള്‍പ്പെടും. 166 യാത്രക്കാരുമായാണ് മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ തെന്നിമാറി തൊട്ടടുത്ത കിഞ്ചാര്‍ താഴ്‌വരയില്‍ കത്തിയമര്‍ന്നത്. അപകടത്തിനിടെ പിളര്‍ന്ന വിമാനത്തില്‍ നിന്നു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേരാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മരിച്ചവരുടെ കുടുംബത്തിന് നിയമപരമായി നല്‍കേണ്ട നഷ്ടപരിഹാരതുക ഇതുവരെയും പൂര്‍ണമായി നല്‍കിയിട്ടില്ല. 146 പേര്‍ക്കായി നൂറുകോടി രൂപയില്‍ താഴെ മാത്രമാണ് നല്‍കിയത്. ദുരന്തം നടന്ന ദിവസം മംഗളൂരുവിലെത്തിയ അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മോണ്‍ട്രിയന്‍ ഉടമ്പടി പ്രകാരം ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കുറഞ്ഞത് 75 ലക്ഷം രൂപ വീതം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തിനകം ഈ തുക നല്‍കുമെന്നായിരുന്നു മന്ത്രിയുടെ അന്നത്തെ വാഗ്ദാനം. എന്നാല്‍, പലര്‍ക്കും നഷ്ടപരിഹാരം 37 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചത്. അതും രണ്ടുവര്‍ഷത്തോളം വേണ്ടിവന്നു. നിരവധി കുടുംബങ്ങള്‍ നിയമപോരാട്ടത്തിലാണ്. ഇതുസംബന്ധിച്ച് ഇപ്പോള്‍ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്.
കുമ്പള ആരിക്കാടിയിലെ അബ്ദുല്‍ സലാമാണ് നഷ്ടപരിഹാരം മോണ്‍ട്രിയന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഗള്‍ഫില്‍ അവര്‍ ജോലിചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ചിരുന്ന ശമ്പളം അടിസ്ഥാനമാക്കിയാണ് എയര്‍ ഇന്ത്യ കമ്പനി നിയോഗിച്ച നാനാവതി കമ്മീഷന്‍ നഷ്ടപരിഹാരം നിജപ്പെടുത്തിയത്. എന്നാല്‍, പലര്‍ക്കും 50 ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു നഷ്ടപരിഹാരം. ഇതിനെതിരേയാണ് അബ്ദുല്‍ സലാം നിയമപോരാട്ടം നടത്തുന്നത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ച കോടതി കൂടുതല്‍ തെളിവെടുപ്പിനായി മാറ്റിവയ്ക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച ആരിക്കാടിയിലെ മുഹമ്മദ് റാഫിക്ക് 35 ലക്ഷം രൂപ മാത്രമാണ് അധികൃതര്‍ നഷ്ടപരിഹാരം അനുവദിച്ചത്. എന്നാല്‍, ഇത് കുറവാണെന്നും മോണ്‍ട്രിയന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ സലാം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഇനിയും വിധിവന്നിട്ടില്ല.
എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി ആന്റ് റിലേറ്റീവ് അസോസിയേഷന്‍ അഡ്വ. സഞ്ജയ് ഹെഗ്‌ഡെ മുഖേനയാണ് അബ്ദുല്‍ സലാം സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 35 ലക്ഷം രൂപ നഷ്ടപരിഹാരം തനിക്ക് ആവശ്യമില്ലെന്നും മോണ്‍ട്രിയന്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നുമാണ് സലാമിന്റെ വാദം. ഈ വിധി നടപ്പാക്കുകയാണെങ്കില്‍ ദുരന്തത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും ആശ്രിതര്‍ക്ക് അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കും.
Next Story

RELATED STORIES

Share it