ബജറ്റ് സമ്മേളനം: രണ്ടാംഘട്ടം ഇന്ന് സമാപിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് സമാപിക്കും. കാവേരി നദീജല തര്‍ക്കം, ആന്ധ്രപ്രദേശിന് പ്രത്യേക പദവി, പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസുകള്‍ അടക്കം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്താല്‍ നടപടികളൊന്നും പൂര്‍ത്തിയാക്കാതെയാണ് പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയുന്നത്.
തുടര്‍ച്ചയായി 21ാം ദിവസവമായ ഇന്നലെയും രാജ്യസഭ ഉച്ചവരെ തടസ്സപ്പെട്ടു. രണ്ടുമണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും എഐഎഡിഎംകെ അംഗങ്ങളുടെ മുദ്രാവാക്യം വിളികളോടെ സഭ തടസ്സപ്പെട്ടു. ഇതോടെ, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രതിഷേധിക്കുന്ന അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നലെ 12 മണിവരെയും തുടര്‍ന്ന് ഇന്നത്തേക്കും പിരിഞ്ഞു. അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 58 രാജ്യസഭാംഗങ്ങളില്‍ 53 പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കം മൂന്നുപേരാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.
അതേസമയം, യുപിഎ അധ്യക്ഷ സോണിയഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിക്ഷ അംഗങ്ങള്‍ ഇന്നലെ പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു  പ്രതിഷേധിച്ചു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ട ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ 23 ദിവസത്തെ ശമ്പളവും ബത്തയും വേണ്ടെന്നുവയ്ക്കുമെന്ന് എന്‍ഡിഎ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിലുള്ള കുറ്റബോധംകൊണ്ടാണ് ഭരണകക്ഷി അംഗങ്ങള്‍ ഇത്തരം തീരുമാനം എടുക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഇതിനോട് പ്രതികരിച്ചത്.
സഭ സുഗമമായി നടക്കണം. എന്നാല്‍, തങ്ങളെ പിന്തുണയ്ക്കുന്നവരെയും എന്‍ഡിഎയിലെ മുന്‍ ഘടകകക്ഷികളെയും ഉപയോഗിച്ച് സഭ തടസ്സപ്പെടുത്തിയ ബിജെപി അംഗങ്ങളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it