ernakulam local

ബജറ്റ് സമ്മേളനം ബഹളത്തില്‍ മുങ്ങി

കളമശ്ശേരി: ഇന്നലെ ബജറ്റ് ചര്‍ച്ചയ്ക്കു വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അറിയാതെയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയും നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ ചെയര്‍പേഴ്‌സന്‍ സര്‍ക്കാരിനു കത്തു നല്‍കിയതാണ് ബഹളത്തിന് കാരണം.
രാവിലെ 10.30ന് ആരംഭിച്ച കൗണ്‍സില്‍ യോഗം ബജറ്റ് ചര്‍ച്ച ആരംഭിക്കുന്നതിനിടയിലാണ് പ്രതിപക്ഷ അംഗങ്ങള്‍ സെക്രട്ടറിയെ മാറ്റാന്‍ കൗണ്‍സില്‍ അറിയാതെ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും കത്തു നല്‍കിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. വിവരമറിഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ക്കൊപ്പം ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തി.
ഇതിനിടയില്‍ സെക്രട്ടറിയെ നീക്കം ചെയ്യുന്നതിന് സര്‍ക്കാരില്‍ താന്‍ ഒപ്പിട്ട കത്തൊന്നും നല്‍കിയിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍ സഭയെ അറിയിച്ചു. ഇതിനിടയില്‍ പ്രത്യേക സാഹചര്യത്തില്‍ സെക്രട്ടറിയെ നീക്കാന്‍ സര്‍ക്കാരില്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ അറിയിച്ചതോടെ ഭരണപക്ഷത്തെ ചില അംഗങ്ങളൊഴിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടയില്‍ ബജറ്റ് ചര്‍ച്ച ആരംഭിക്കാന്‍ ചെയര്‍പേഴ്‌സന്‍ നിര്‍ദേശം നല്‍കി. വൈസ് ചെയര്‍മാന്‍ ചര്‍ച്ച ആരംഭിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ കൗണ്‍സിലില്‍ ബഹളമായി. വൈസ് ചെയര്‍മാന്‍ ബജറ്റ് ചര്‍ച്ചാപ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ മൈക്കിന്റെ പ്ലഗ്ഗ് ഊരി ചര്‍ച്ച തടസ്സപ്പെടുത്തി. ഇതിനിടയില്‍ ഭരണപക്ഷ അംഗങ്ങളും സെക്രട്ടറിയെ നീക്കാന്‍ കത്ത് നല്‍കിയതില്‍ പ്രതിഷേധിച്ച് ബഹളംവച്ചിരുന്നു. ഇതിനിടയില്‍ ചെയര്‍പേഴ്‌സന്‍ ബജറ്റ് പാസായതായി പ്രഖ്യാപിച്ചു. ഈസമയം കൗണ്‍സിലില്‍ ബാനറുകളുമായി മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ പുറത്തേ—ക്കിറങ്ങി. നഗരസഭ ഓഫിസിനു മുന്നില്‍ പ്രതിഷേധ യോഗം നടത്തിയതിനുശേഷം ബജറ്റ് കത്തിച്ചു.
ഈസമയം കൗണ്‍സില്‍ ഹാളിനകത്ത് ഭരണപക്ഷത്തെ അംഗങ്ങള്‍ സെക്രട്ടറിയെ നീക്കംചെയ്യാന്‍ പാര്‍ട്ടിയും യുഡിഎഫ് കൗണ്‍സിലര്‍മാരും അറിയാതെ കത്ത് നല്‍കിയതില്‍ ഏറ്റുമുട്ടി. അതിനിടെ ചെയര്‍പേഴ്‌സന്‍ തന്റെ ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് ഭരണപക്ഷഅംഗങ്ങളുടെ നേരെ വിരല്‍ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് ഒരുകൂട്ടം കൗണ്‍സിലര്‍മാര്‍ ബഹളവുമായി രംഗത്തെത്തി. ബഹളം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ആയതോടെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ സെക്രട്ടറിയെ നീക്കംചെയ്യുന്നത് പദ്ധതി നിര്‍വഹണത്തില്‍ തടസ്സം നേരിടുകയും നഗരസഭയിലെ സാമ്പത്തിക ഇടപാടുകളെയും ഗുരുതരമായി ബാധിക്കുമെന്ന് ചില അംഗങ്ങള്‍ പറഞ്ഞു.
ബജറ്റ് ചര്‍ച്ചചെയ്യാതെ പാസാക്കി കൗണ്‍സില്‍ പിരിയുകയായിരുന്നു. അതേസമയം കളമശ്ശേരി നഗരസഭയിലെ 2016-17ലെ ബജറ്റ് 27 പേര്‍ അനുകൂലിച്ചും 15 പേര്‍ എതിര്‍ത്തും ബജറ്റ് എസ്റ്റിമേറ്റ് പാസായതായി ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍ അറിയിച്ചു. നഗരസഭ ജീവനക്കാരുടെ സ്ഥലംമാറ്റം എല്ലാംതന്നെ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ഭരണസൗകര്യത്തിനുവേണ്ടി സര്‍ക്കാരുണ്ടാക്കുന്ന മാറ്റങ്ങള്‍ സാധാരണ നടപടിയാണെന്നും മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ച് പോന്നിട്ടുണ്ടെന്നും ചെയര്‍പേഴ്‌സന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it