ബജറ്റ് സമ്മേളനം: പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട സംയുക്ത തന്ത്രം ആവിഷ്‌കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരും. യോഗത്തില്‍ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി അധ്യക്ഷത വഹിക്കുമെന്നാണ് സൂചന. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നു രാവിലെ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം വൈകുന്നേരം പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് യോഗം. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ അണിനിരന്ന 17 പാര്‍ട്ടികളെ ഒന്നിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിന്റെ മുന്‍കൈയില്‍ തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്. എന്‍സിപി, ഡിഎംകെ, ടിഎംസി, എസ്പി, എന്‍സി, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഎംഎം, ആര്‍എസ്പി, മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് കക്ഷികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തേക്കും.ജെഡിയു വിമത നേതാക്കളായ ശരദ്‌യാദവ്, അലി അന്‍വര്‍ അന്‍സാരി, എന്‍സിപി നേതാവ് ശരത് പവാര്‍, എസ്പി നേതാവ് രാംഗോപാല്‍ യാദവ്, ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഇന്നത്തെ യോഗത്തില്‍ ടിഎംസി നേതാവ് മമതാ ബാനര്‍ജി പങ്കെടുക്കില്ല. ജെഡിഎസ് നേതാക്കള്‍ യോഗത്തിനെത്തുമോ എന്ന് വ്യക്തമായിട്ടില്ല.
Next Story

RELATED STORIES

Share it