ബജറ്റ് വിഹിതം വെട്ടിക്കുറച്ചു: പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: പാവപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കായി കേന്ദ്രം മാറ്റിവച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരേ പാര്‍ലമെന്ററി സമിതി. 2017-2018 സാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത് ബജറ്റ് വിഹിതത്തിന്റെ പകുതി മാത്രമാണെന്നാണ് ആരോഗ്യം, കുടുംബ ക്ഷേമ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആര്‍എസ്‌വൈബി) പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 975 കോടി മാറ്റിവച്ചുവെന്നായിരുന്നു ബജറ്റ് അവതരണ സമയത്ത് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നത്. പിന്നീട് ഇത് 565 കോടിയായി വെട്ടിക്കുറച്ചുവെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത് വെറും 450 കോടി രൂപ മാത്രമാണെന്നുമാണ് പാര്‍ലമെന്ററി സമിതി കണ്ടെത്തിയിരിക്കുന്നത്.
പദ്ധതി നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങള്‍ ശുപാര്‍ശകള്‍ നല്‍കിയിട്ടും ബജറ്റ് വിഹിതത്തിന്റെ പകുതി പോലും അനുവദിച്ചിട്ടില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന മറ്റൊരു പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെന്നാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ആര്‍എസ്‌വൈബി പദ്ധതിക്കായി ശുപാര്‍ശ നല്‍കിയ സംസ്ഥാനങ്ങള്‍ക്കു മാത്രമായാണ് 450 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
നിലവില്‍ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്കു പ്രതിവര്‍ഷം 30,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ട്. കൂടാതെ, വിവിധ സംസ്ഥാന സര്‍ക്കാരുകളും സമാനമായ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.
Next Story

RELATED STORIES

Share it