kozhikode local

ബജറ്റ് നിരാശാജനകമെന്ന് ജനപ്രതിനിധികള്‍

കോഴിക്കോട്: റെയില്‍വേ ബജറ്റ് പൊതുവെ നിരാശാജനകമെന്ന് ജനപ്രതിനിധികളുടെയും സംഘടനകളുടെയും ആക്ഷേപം. കോഴിക്കോടിനെയും മലബാറിനെയും പാടെ അവഗണിച്ച ബജറ്റാണ് ലോകസഭയില്‍ അവതരിപ്പിച്ചതെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു.
പുതിയ ട്രെയിനുകളെയും മലബാറിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ബജറ്റില്‍ പരിഗണിച്ചിട്ടില്ല. മലബാറിലെ രൂക്ഷമായ യാത്ര പ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന യശ്വന്ത് പൂര്‍ - കണ്ണൂര്‍ തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടണമെന്ന തന്റെ ആവശ്യം പരിഗണിക്കാത്തില്‍ ശ്കതമായ പ്രതിഷേധമുണ്ട്. കൂടാതെ ബൈന്ദൂര്‍- കാസര്‍ഗോഡ് പാസഞ്ചര്‍ ഗുരുവായൂരിലേക്ക് നീട്ടണമെന്ന ആവശ്യവും ചെവികൊണ്ടില്ലെന്നും കോഴിക്കോട് എംപി ചൂണ്ടിക്കാട്ടി.
മലബാറിനെയും കേരളത്തിനെയും അവഗണിച്ച റയില്‍വെ ബജറ്റിനോടുള്ള ബിജെപി കേരള ഘടകത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതികള്‍ക്കാവശ്യമായ തുക വകയിരുത്താതെ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതാണ് ബജറ്റെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയും വാക്താവുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. നിലമ്പൂര്‍- നഞ്ചന്‍കോട്, കണ്ണൂര്‍- മട്ടന്നൂര്‍ പാതകളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ആവശ്യമായ തുക സ്വകാര്യ സംരംഭകരില്‍ നിന്ന് കണ്ടെത്തുമെന്നാണ് ബജറ്റിലെ വാഗ്ദാനം. കാലങ്ങളായി അവഗണന നേരിടുന്ന കേരളത്തിന്റെ മുഖ്യ ആവശ്യങ്ങള്‍ പരിഗണിക്കാത്ത ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മലബാറിന് നിരാശ മാത്രം നല്‍കുന്നതാണ് റെയില്‍വേ ബജറ്റെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ പിറ്റ്‌ലൈന്‍ മുന്‍ റെയില്‍വേ മന്ത്രിമാര്‍ ഉറപ്പുനല്‍കിയിരുന്നത് ഇനിയും പ്രാവര്‍ത്തികമായിട്ടില്ല എന്ന് മലബാര്‍ ചേംബര്‍ പ്രസിഡന്റ് സി എ സി മോഹനും മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി വി ഗംഗാധരനും അഭിപ്രായപ്പെട്ടു.
പുതിയ ട്രെയിനുകളൊന്നും അനുവദിക്കാതെ കേരളത്തെയും വിശിഷ്യാ മലബാറിനെയും അവഗണിച്ച റെയില്‍വേ ബജറ്റ് നിരാശാജനകമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇതിനെതിരേ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it