ബജറ്റ് ചോര്‍ന്നെന്ന് ആരോപണം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ചും കോഴ ആരോപണം നേരിടുന്ന മുഖ്യമന്ത്രി ബജറ്റവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
മുഖ്യമന്ത്രി ബജറ്റവതരിപ്പിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം മുദ്രാവാക്യംവിളി തുടങ്ങി. ചോര്‍ന്ന ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ക്ക് എഴുതി നല്‍കിയിട്ടും പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
രാവിലെ 9 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചതോടെ ചോര്‍ന്ന ബജറ്റിലെ കണക്കുകള്‍ പ്രതിപക്ഷം പുറത്തുവിട്ടു. വി ശിവന്‍കുട്ടി എംഎല്‍എയാണ് കണക്കുകള്‍ മന്ത്രിമാര്‍ക്കും ഭരണപക്ഷ എംഎല്‍എമാര്‍ ക്കും വിതരണം ചെയ്തത്. ഇതിനെ ചോദ്യംചെയ്ത മന്ത്രി അനൂപ് ജേക്കബും ശിവന്‍കുട്ടിയും തമ്മില്‍ ചെറിയതോതില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് 9.15ഓടെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടുത്തളത്തിലൂടെ പ്രകടനമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ മുദ്രാവാക്യംവിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. ഗണേഷ്‌കുമാറും മുഖ്യമന്ത്രിക്കെതിരായ പ്ലക്കാര്‍ഡ് കൈയിലെടുത്ത് പ്രതിഷേധത്തില്‍ പങ്കാളിയായി.
സഭ വിട്ടിറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ നിയമസഭാ ഗേറ്റിനു മുന്നില്‍ സത്യഗ്രഹമിരുന്നു. 10.30ന് പ്രതിഷേധം അവസാനിപ്പിച്ച് നേതാക്കള്‍ മടങ്ങി. കഴിഞ്ഞവര്‍ഷത്തെ ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയായിരുന്നു ബജറ്റ് അവതരണം.
Next Story

RELATED STORIES

Share it