ബജറ്റ് ചോര്‍ന്നിട്ടില്ല: രേഖയുടെ ഉറവിടം തിരിച്ചറിഞ്ഞു; പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം പ്രതിപക്ഷത്തിന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് സഭയില്‍ ഉന്നയിക്കതെ ബഹളംവച്ച് പുറത്തുപോയതെന്ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച പരാതിയില്‍ ധനകാര്യവകുപ്പ് പരിശോധന നടത്തി. തെറ്റായ രേഖകള്‍ പുറത്തുവിട്ട് ജനങ്ങളെ കബളിപ്പിച്ചത് ആരാണെന്നതുള്‍െപ്പടെ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ചോര്‍ന്നുവെന്ന് പ്രചരിപ്പിച്ച് പ്രതിപക്ഷം നല്‍കിയ രേഖയില്‍ നല്‍കിയിട്ടുള്ള ടേബിള്‍ തെറ്റാണ്. ഈ രേഖയുടെ ഉറവിടം പ്രാഥമികമായി തിരിച്ചറിഞ്ഞിട്ടുണ്ട്. മീഡിയം ടേംസ് ഓഫ് ഫിസ്‌കല്‍ പോളിസി എന്ന പുസ്തകത്തിലുള്ള ടേബിള്‍ ചൂണ്ടിക്കാട്ടി ബജറ്റ് രേഖകളുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എംടിഎഫ്പി രേഖകള്‍ നിയമസഭയില്‍ സമര്‍പ്പിക്കാന്‍ ബാധ്യതപ്പെട്ട രേഖകളല്ല. എന്നിട്ടും തെറ്റായ രേഖകള്‍ ഉയര്‍ത്തിക്കാട്ടി ബഹളമുണ്ടാക്കിയ പ്രതിപക്ഷം സഭയില്‍നിന്ന് ഒളിച്ചോടുകയായിരുന്നു.
പുതിയ ധനാഗമന മാര്‍ഗങ്ങള്‍ ഇല്ലാത്ത ബജറ്റെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു വിമര്‍ശനം. ധനാഗമന മാര്‍ഗങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. മറിച്ച് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാരാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അഞ്ചു വര്‍ഷത്തെ വിജയകരമായ മുന്നേറ്റത്തില്‍ അതിനനുസൃതമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഭാവി കാര്യങ്ങളാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. ധനാഗമന മാര്‍ഗങ്ങള്‍ പുതിയ സര്‍ക്കാര്‍ പരിശോധിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ലക്ഷ്യബോധമില്ലെന്ന് പറഞ്ഞതും തെറ്റാണ്. സര്‍ക്കാരിന്റെ ധനകമ്മി എങ്ങനെ നികത്തണമെന്ന് വ്യക്തമായ ധാരണയുണ്ട്. ജിഎസ്ടി നടപ്പാക്കിയാല്‍ വരുമാനം വളരെ കൂടും. ജിഎസ്ടി നടത്തിപ്പില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. തീരുമാനം വേഗം വരുമെന്നാണ് പ്രതീക്ഷ. ആറുമാസത്തിനു ശേഷം ജിഎസ്ടി നടപ്പാക്കിയാല്‍ പോലും പ്രതിസന്ധി മാറിക്കിട്ടും. സാമ്പത്തിക ബുദ്ധിമുട്ട് മറിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയമാര്‍ഗമാണ് ജിഎസ്ടി. വന്‍കിട പദ്ധതികളുടെ വരവോടെ സംസ്ഥാനത്ത് മൂലധന നിക്ഷേപവും വളരേയേറെ വര്‍ധിച്ചു. എല്ലാ രംഗത്തും വികസനം വേഗത്തില്‍ നടക്കുന്നതിനാല്‍ മൂലധന നിക്ഷേപവും വര്‍ധിക്കും. ഇതുവഴി നികുതി വരുമാനത്തിലും വര്‍ധനവുണ്ടാകും. ഇതിലെല്ലാമുപരി സര്‍ക്കാര്‍ ഇന്നും സാമ്പത്തികമായി ഉറച്ചകാലിലാണ് നില്‍ക്കുന്നത്. റിസര്‍വ് ബാങ്ക് വായ്പയായി അനുവദിച്ചതില്‍ 31,000 കോടി രൂപ ഇനിയും അവശേഷിക്കുന്നുണ്ട്. ഇതിലൂടെ സാമ്പത്തികമായ അധികച്ചെലവുകളെ അതിജീവിക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it